ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പുതിയ ഒമ്പത് ഫൊറോനകള്‍
Thursday, April 3, 2014 4:50 AM IST
ഷിക്കാഗോ: രൂപതയുടെ ഭരണ-അജപാലന സംവിധാനങ്ങളില്‍ കാതലായ മാറ്റവും, ഗുണമേന്മയും നല്‍കുന്നതിനായി വിശാലമായ രൂപതയെ ഒമ്പത് ഫൊറോനകളായി ഉയര്‍ത്തിക്കൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു. ഇതിനുസരിച്ച് രൂപതയിലെ പള്ളികളും മിഷന്‍ സ്റേഷനുകളും ഒമ്പത് ഫൊറോനാ പള്ളികളുടെ കീഴില്‍ വരും.

രൂപതയുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുകയും, സംയോജിപ്പിക്കുകയും ഗുണപരമായി മെച്ചപ്പെടുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതും.

താഴെപ്പറയുന്നവയാണ് പുതിയ ഫൊറോനകള്‍.

(1). മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഷിക്കാഗോ, (2). സെന്റ് തോമസ് ചര്‍ച്ച് ഗാര്‍ലന്റ്, ഡാളസ്, (3). സെന്റ് ജോസഫ് ചര്‍ച്ച് ഹൂസ്റണ്‍ ടെക്സസ്, (4). ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച് കോറല്‍സ്പ്രിംഗ് ഫ്ളോറിഡ, (5) സെന്റ് അല്‍ഫോന്‍സാ അറ്റാലാന്റാ ജോര്‍ജിയ, (6) സെന്റ് തോമസ് ബ്രോങ്ക്സ്, ന്യൂയോര്‍ക്ക്, (7) സെന്റ് തോമസ് ഈസ്റ് മില്‍സ്റോണ്‍ ന്യൂജേഴ്സി, (8) സെന്റ് തോമസ് ഫിലാഡല്‍ഫിയ, (9) സെന്റ് തോമസ് സാന്റാ അന്നാ കാലിഫോര്‍ണിയ.

രൂപതയിലെ ക്നാനായ റീജിയണില്‍ വരുന്ന ഫൊറോനകള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നും മാര്‍ ജേക്കബ് അങ്ങാടിയത്ത് അറിയിച്ചു.

അമേരിക്കയില്‍ ഇപ്പോള്‍ രൂപതയ്ക്ക് 32 ഇടവക പള്ളികളും, 36 മിഷനുകളുമാണുള്ളത്. രൂപതയുടെ വലിപ്പവും, ഇവകകളുടേയും മിഷനുകളുടേയും എണ്ണവും വര്‍ദ്ധിച്ചുവരികയും ചെയ്യുന്നതിനുസരിച്ച് അജപാലന സൌകര്യാര്‍ത്ഥം രൂപതയെ പല പ്രവിശ്യകളായി തിരിക്കുകയും അജപാലനകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും ശരിയായ നടത്തുന്നതിനും വേണ്ടിയാണ് ഷിക്കാഗോ രൂപതയില്‍ ഇപ്പോള്‍ 9 പള്ളികളെ ഫൊറോനാ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. പൌരസ്ത്യ കാനനന്‍ സംഹിതയില്‍ ഇത്തരം പള്ളികളെ പ്രോട്ടോപ്രസ്ബിറ്ററേറ്റ് എന്നും ഇവയുടെ അധികാരിയായി നിയമിക്കപ്പെടുന്ന വൈദീകനെ പ്രോട്ടോപ്രസ്ബിറ്റര്‍ (ഫൊറോനാ വികാരി) എന്നും വിളിക്കപ്പെടുന്നു. മെത്രാന്റെ പേരിലും അദ്ദേഹത്തിന്റെ കീഴിലുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രൂപതാ ചാന്‍സിലര്‍ ഫാ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം