ഫിലഡല്‍ഫിയാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ഫൊറോനാ പദവിയിലേക്ക്
Thursday, April 3, 2014 4:50 AM IST
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ഫൊറോനാ പദവിയിലേക്ക്. സൌത്ത് ജേഴ്സിയിലെ സെന്റ് ജൂഡ്, ഡെലവേറിലെ ഹോളി ട്രിനിറ്റി, ബാള്‍ട്ടിമോറിലെ സെന്റ് അല്ഫോന്‍സാ, വാഷിങ്ങ്ടണ്‍ ഡി സിയിലെ ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്പ്, നോര്‍ത്ത് വെര്‍ജീനിയയിലെ സെന്റ് ജൂഡ്,റിച്ച്മോണ്ടിലെ സെന്റ് അല്ഫോന്‍സാ,ഹാരിസ്ബര്‍ഗിലെ സെന്റ് ജോസഫ്, പിറ്റ്സ്ബര്‍ഗിലെ സെന്റ് മേരീസ് എന്നീസീറോ മലബാര്‍ മിഷനുകളാണ്ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനായില്‍ ഉള്‍പ്പെടുക. ഇടയ കല്പ്പനയിലൂടെ ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവക വികാരി എന്ന പ്രേഷിത നിലയില്‍; ഫാ. ജോണിക്കുട്ടിജോര്‍ജ് പുലിശ്ശേരിയുടെ അജപാലന ദൌത്യത്തിന്; ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ആവിര്‍ഭവിക്കുന്നു.

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍മാര്‍. ജേക്കബ് അങ്ങാടിയത്ത് ഇടയനടുത്ത വാത്സല്യത്തോടെ ഫിലഡല്‍ഫിയയിലെ ക്രിസ്തീയ വിശ്വാസി സമൂഹത്തെ മാനിച്ചതിന്റെ തിളക്കമായി പരിണമിച്ചു ഫിലഡല്‍ഫിയയ്ക്കു ലഭിച്ച ഫൊറോനാ പദവി. കഴിഞ്ഞ ഫെബ്രുവരി വരെ നാല്പത്തിനാലാഴ്ച്ച റവ. ഡോ. അഗ്ഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലായിരുന്നു ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഇടവകാ വികാരി. ഡോ. പാലയ്ക്കാപ്പറമ്പിലാണ് ചിക്കാഗോസെന്റ് തോമസ് സീറോ മലബാര്‍ രൂപതാ വികാര്‍ ജനറാള്‍ (പ്രോട്ടോ സിഞ്ചിലസ്) എന്നത് ഫിലഡല്‍ഫിയാസീറോ മലബാര്‍ സമൂഹത്തിന് ഇരട്ടിമധുരം പോലെയായി. ഫിലഡല്‍ഫിയ ഇടവക രൂപം കൊണ്ടതിന്റെ ദശവത്സരാഘോഷത്തിന് പ്രശസ്ത ധ്യാന ഗുരുവും മാണ്ഡ്യാ രൂപതാദ്ധ്യക്ഷനുമായ മാര്‍. ജോര്‍ജ് ഞരളക്കാട്ട് തിരി തെളിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു.

ഫൊറോനാ ലബ്ധിയുടെ സ്ദ്വാര്‍ത്തയറിഞ്ഞ ഫിലഡല്‍ഫിയാ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസി സമൂഹം ആത്മാഭിമാനത്തിന്റെയും സാഹോദര്യ വിനയത്തിന്റെയും ആഹ്ളാദം വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യ ബലിയര്‍പ്പണത്തിലൂടെയും ജപമാലാര്‍ച്ചനയിലൂടെയും ആഘോഷിച്ചു; ഫോണ്‍ വിളികളിലൂടെ പങ്കു വച്ചു.

ആദ്യ വികാരി ഫാ. ക്രിസ്റി പറമ്പുകാട്ടിലിന്റെയും മുന്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെയും മിഷന്‍ ഡയറക്ടര്‍മാരായിരുന്ന സി എം ഐ വൈദികരുടെയും സേവനത്തെ ഫിലഡല്‍ഫിയാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നന്ദിയോടെപരാമര്‍ശിക്കുന്നു.

1988 മേയ് 2നായിരുന്നു ഫിലഡല്‍ഫിയയിലെസീറോ മലബാര്‍ കത്തോലിക്കാ സമൂഹം മിഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2005 ജനുവരി 19 ന് ഫിലഡല്‍ഫിയയിലെ വെല്‍ഷ് റോഡിലുള്ള യഹൂദ സിനഗോഗ് വാങ്ങി സീറോ മലബാര്‍ ദേവാലയമാക്കിയ പരിണാമം കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യാനുഭവമായിരുന്നു. 2005 മാര്‍ച്ച് 19ന് ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക എന്ന ഉയര്‍ച്ചയിലേക്ക് മാര്‍ അങ്ങാടിയത്ത് ഈ സമൂഹത്തെപദവിപ്പെടുത്തി കൂദാശ ചെയ്തു. നാനൂറോളം കുടുംബങ്ങളും 9 വാര്‍ഡുകളും ഫിലഡല്‍ഫിയാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയ സമൂഹത്തിനു സ്വന്തം.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍