ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ അനുശോചനയോഗം
Wednesday, April 2, 2014 8:19 AM IST
ഡാളസ്: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു.

മാര്‍ച്ച് 30 ന് (ഞായര്‍) വി. കുര്‍ബാനാനന്തരം നടത്തപ്പെട്ട അനുശോചന യോഗത്തില്‍ വികാരി. വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. തിരുമേനിയുടെ ദേഹവിയോഗം ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന് ഒരു തീരാനഷ്ടമാണെന്ന് കോര്‍ എപ്പിസ്ക്കോപ്പാ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി മാമന്‍ പി. ജോണ്‍ ആമുഖ പ്രസംഗം നടത്തി. സഭയുടെ ഐക്യത്തിനും സമൂഹത്തിന്റെ നന്മക്കുമായി വളരെയേറെ ശ്രമിച്ച ഒരു മഹാത്മാവായിരുന്നു ബാവായെന്ന് മാമന്‍ പി. ജോണ്‍ അഭിപ്രായപ്പെട്ടു.

1981 കാലഘട്ടത്തില്‍ പാത്രിയര്‍ക്കീസ് ബാവായുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഈ ദേവാലയത്തില്‍ എഴുന്നള്ളിയ അവസരത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ തനിക്ക് ലഭിച്ച ഭാഗ്യം ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമായി കാത്തുസൂക്ഷിക്കുന്നുവെന്ന് റവ. ഫാ. ഡോ. പി.പി.ഫിലിപ്പ് (ക്നാനായ യാക്കോബായ ചര്‍ച്ച്) അനുശോചന പ്രസംഗത്തില്‍ പറഞ്ഞു.

ഭദ്രാസന കൌണ്‍സില്‍ മെംബറും പള്ളി മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ അലക്സ് ജോര്‍ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പിതാവിന്റെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന ലോകമെമ്പാടുള്ള സുറിയാനി സഭയുടെ ദുഃഖത്തില്‍, അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ മുഴുവന്‍ ഇടവകാംഗങ്ങളും പങ്കുചേരുന്നതായി അനുശോചന പ്രമേയത്തില്‍ സൂചിപ്പിച്ചു.

ക്രൈസ്തവ സഭകള്‍ ഒന്നായി സ്നേഹത്തിലും കൂട്ടായ്മയിലും മൂന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ശ്രദ്ധേയമായ പല ചുവടുവയ്പുകളും നടത്തിയ ബാവാ തിരുമേനി, സഭാ ചരിത്രത്തില്‍ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുമെന്ന് റവ. ഡീന്‍. ഡോ. രഞ്ചന്‍ മാത്യൂ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ, നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ബാവാ തിരുമേനിയുടെ പങ്ക് വിസ്മരിക്കാവുന്നതല്ലെന്നും അദ്ദേഹത്തിന്റെ ദേഹവിയോഗം അമേരിക്കന്‍ അതിഭദ്രാസനത്തിനും ഈ ദേവാലയത്തിനും ഒരു തീരാനഷ്ടവും വേദനയുളവാക്കുന്നവയുമാണെന്ന് ഭദ്രാസന പിആര്‍ഒ കൂടിയായ കറുത്തേടത്ത് ജോര്‍ജ് അനുശോചന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

തിരുമേനിയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്ളൈഡ് ഷോയും നടന്നു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍