പാത്രിയര്‍ക്കീസ് ബാവ അനുസ്മരണയോഗം നടത്തി
Wednesday, April 2, 2014 8:18 AM IST
ഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തില്‍ സാഹോദര സഭകളുടെ സഹകരണത്തില്‍ മാര്‍ച്ച് 29ന് (ശനി) സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ ഇഗ് നാത്തിയോസ് സഖാ ഐവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണയോഗം നടന്നു.

ആകമാന സുറിയാനി സഭയെ 34 വര്‍ഷത്തോളം സമാധനത്തിലും ഭക്തിയുടെ നിറവിലും നയിച്ച പിതാവിന്റെ വേര്‍പാട് സഭയിലെ മുഴുവന്‍ വിശ്വാസികളേയും ദുഃഖത്തിലാക്കിയിരിക്കുകയാണ്. പിതാവിന്റെ നാമം ലോകം ഉള്ളടത്തോളം കാലം തങ്കലിപികളില്‍ ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കും.

ഇതര ക്രിസ്തീയ വിഭാഗങ്ങളുടെ ഐക്യവേദിയുടെ സാന്നിധ്യത്തില്‍ നടന്ന അനുസ്മരണയോഗത്തില്‍ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ വികാരി ഫാ. ജോയി ജോണ്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ബാവയുടെ ജീവചരിത്രം വായിക്കുകയും ഇഎഫ്ഐസിപി ചെയര്‍മാന്‍ ഫാ. കെ.കെ ജോണ്‍ ബാവയുമായുള്ള ആത്മബന്ധം അനുസ്മരണയിലൂടെ അറിയിച്ചു. നോര്‍ത്ത് ഈസ്റ് ഓര്‍ത്തഡോക്സ് ഡയോസിഷന്‍ സെക്രട്ടറി ഫാ. എം.കെ കുര്യാക്കോസ് തന്റെ പ്രാര്‍ഥനകളില്‍ എന്നും ഓര്‍മിക്കുമെന്ന് അറിയിച്ചു. ഫാ. സന്തോഷ് മാത്യു (സിഎസ്ഐ ക്രൈസ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ), ബാവയുടെ ദേഹവിയോഗത്തില്‍ സുറിയാനി സഭയുടെ ദുഃഖത്തില്‍ സിഎസ്ഐ സഭയും പങ്കുചേരുന്നതായി അറിയിച്ചു. ഫാ. ജോണ്‍ ബിഷാര (അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്), നോര്‍ത്ത് മനൂജിയന്‍ (അര്‍മേനിയന്‍ ചര്‍ച്ച്), റഫീല്‍ യൂത്ത് (കോപ്റ്റിക് ചര്‍ച്ച്) തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങള്‍ അറിയിക്കുകയും ധൂപപ്രാര്‍ഥനയും നടത്തി.

ഫാ. ജോസ് പയറ്റേല്‍, ഫാ. ഡോ. പോള്‍ പറമ്പത്ത്, ചാക്കോ പുന്നൂസ്, ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍ എന്നിവരും ഇതര വൈദീകരും ശെമ്മാശന്മാരും അടങ്ങിയ വലിയൊരു ജനാവലിയും കത്തീഡ്രല്‍ അങ്കണത്തില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്