കേരള ഡിബേറ്റ് ഫോറം ടെലികോണ്‍ഫറന്‍സിന് ആവേശോജ്വലമായ തുടക്കം
Wednesday, April 2, 2014 4:35 AM IST
ഹൂസ്റണ്‍: ഇന്ത്യയില്‍ നടക്കുന്ന പതിനാറാമത് ലോക് സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് അമേരിക്കന്‍ കേരള റിബേറ്റ് ഫോറം സംഘടിപ്പിച്ച ടെലികോണ്‍ഫറന്‍സിന് ആവേശോജ്വലമായ തുടക്കം.

ഏപ്രില്‍ ഒന്നിന് (ചൊവ്വാ) ന്യൂയോര്‍ക്ക് ടൈം ഒമ്പതിന് ആരംഭിച്ച ടെലിഡിബേറ്റില്‍ മോഡറേറ്റര്‍ എ.സി ജോര്‍ജ് പങ്കെടുത്ത ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

അമേരിക്ക-കാനഡ വിവിധ സംസ്ഥാനങ്ങളില്‍നിന്നും 150 ല്‍പരം അംഗങ്ങളാണ് ടെലി ഡിബേറ്റില്‍ പങ്കെടുത്തത്. അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനം നടത്തുന്ന കേരളത്തില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ ടെലി കോണ്‍ഫറന്‍സില്‍ ആമുഖ പ്രസംഗം നടത്തി. കേരളത്തിലെ 20 ലോക് സഭാ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ടര്‍മാരുടെ പ്രതികരണം മനസിലാക്കിയ രാഹുല്‍ കേരളത്തില്‍ ഭരണം നടത്തുന്ന ഐക്യജനാധിപത്യമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിനിധികള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിലയിരുത്തി. ജോജു പടിയേടത്ത്, ഡോ. ജയശ്രീനായര്‍, തോമസ് കൂവള്ളൂര്‍, ഗോപിനാഥ കുറുപ്പ്, ശിവദാസന്‍ നായര്‍ (ബിജെപി), സജി ഏബ്രഹാം, സണ്ണി വള്ളിക്കുളം, ജോസ് ചാരുംമൂട്, യു.എ നാസര്‍ (കോണ്‍ഗ്രസ്), ജെയ്ബു തോമസ് (എന്‍ഡിഎ), മാത്യൂസ് ഇടപ്പാറ (ആം ആദ്മി പാര്‍ട്ടി) എന്നിവരാണ് ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സജി കരിമ്പന്നൂര്‍, ജോസ് കാടാപുറം, ജീമോന്‍ ഹൂസ്റണ്‍ , ജോയിച്ചന്‍ പുതുക്കുളം തുടങ്ങിയവര്‍ അഴിമതിരഹിത സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യത്തിന് ഊന്നല്‍ നല്‍കി പ്രസംഗിച്ചു.

എ.സി ജോര്‍ജ്, സണ്ണി വള്ളിക്കുളം, റെജി ചെറിയാന്‍, ടോം വിരിപ്പന്‍, മാത്യുസ് ഇടപ്പാറ എന്നിവരാണ് ടെലി റിബേറ്റ് സംഘടിപ്പിച്ചതിന് നേതൃത്വം നല്‍കിയത്.

ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ രാത്രി ഒമ്പതു മുതല്‍ 11 വരെ (ന്യൂയോര്‍ക്ക് ടൈം) ടെലികോണ്‍ഫറന്‍സ് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍