മാര്‍ത്തോമ ഭദ്രാസന കൌണ്‍സിലിന് കര്‍മ്മനിരതയുടെ മൂന്നു വര്‍ഷങ്ങള്‍
Wednesday, April 2, 2014 4:31 AM IST
ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചരിത്ര ഏടുകളെ ദീപ്തമാക്കി രജത നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച 2011-14 വര്‍ഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ കാലാവധി പൂര്‍ത്തിയാക്കി.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയുടെയും ഭദ്രാസന സെക്രട്ടറി റവ. കെ.ഇ ഗീവര്‍ഗീസിന്റെയും ട്രഷറര്‍ ചാക്കോ മാത്യുവിന്റെയും നേതൃത്വത്തില്‍ 16 അംഗ ഭദ്രാസന കൌണ്‍സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ കര്‍മ്മ പദ്ധതികളാണ് മൂന്നു വര്‍ഷം നടപ്പാക്കിയത്.

ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അധികാര വികേന്ദ്രീകരണം എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭദ്രാസന കൌണ്‍സില്‍ റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റികള്‍ക്ക് (ആര്‍എസി) രൂപം നല്‍കിയത്. ഇടവകകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ഈ കമ്മിറ്റികള്‍ സഹായിച്ചു.

വേസ് ഓഫ് ദ ഡേ എന്ന ഇന്റര്‍നെറ്റ് പ്രതിദിന ധ്യാനം ക്രോഡീകരിച്ച് 365 ധ്യാനങ്ങള്‍ അടങ്ങിയ ധ്യാനപുസ്തകം പ്രസിദ്ധീകരിച്ചു. സതേണ്‍ റീജിയണ്‍ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥന പ്രസംഗ പരമ്പര നടത്തിവരുന്നു

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചരിത്രത്തിലാദ്യമായി ഭദ്രാസന കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഭദ്രാസനം ആതിഥേയത്വം വഹിച്ച ഫാമിലി കോണ്‍ഫറന്‍സ് 2012 ല്‍ നടന്നു. ജനപങ്കാളിത്തം കൊണ്ടും ചിട്ടയായ ക്രമീകരണം കൊണ്ടും കുടുംബ സംഗമം മികച്ച നിലവാരം പുലര്‍ത്തി.

2013 ജനുവരി 19ന് ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം നീണ്ടുനിന്ന ഭദ്രാസന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഭദ്രാസന കൌണ്‍സില്‍ നേതൃത്വം നല്‍കി. വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യകര്‍മ്മ പദ്ധതികള്‍ എന്നിവ നടപ്പാക്കി.

വിവിധ റീജിയണുകളില്‍ രജത ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കാനഡ, ഫ്ളോറിഡ റീജിയണുകളില്‍ ഫാമിലി കോണ്‍ഫറന്‍സുകള്‍ നടത്തി. ഭദ്രാസനത്തിനു മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കിയ എപ്പിസ്കോപ്പമാര്‍ വിവിധ സമ്മേളനങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. രജത ജൂബിലി സമ്മേളനങ്ങളില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപോലീത്ത, ഡോ. യൂയാക്കിം മാര്‍ കൂറിലോസ്, ഡോ. ഐസക് മാര്‍ ഫിലക്സിനോസ്, ഏബ്രഹാം മാര്‍ പൌലോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്റെഫാനോസ് എന്നിവര്‍ കൌണ്‍സിലിന്റെ ക്ഷണം സ്വീകരിച്ച് സമ്മേളനങ്ങളില്‍ പങ്കെടുത്തു.

രജതജൂബിലിയുടെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 25 ഭവനങ്ങള്‍, 25 പേര്‍ക്ക് വിവാഹ സഹായം, മന്ദിരങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ധനസഹായം, മിഷന്‍ ഫീല്‍ഡുകളില്‍ സംഗീത ഉപകരണങ്ങള്‍ എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഒരു കോടിയിലധികം രൂപ മെത്രാപോലീത്തായെ ഏല്‍പ്പിച്ചു.

മെക്സിക്കോ മിഷന്‍, നേറ്റീവ് അമേരിക്കന്‍ മിഷന്‍, ഇന്ത്യ മിഷന്‍, നെയിബര്‍ ഹുഡ് മിഷന്‍ എന്നീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മെക്സിക്കോ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കി പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്കോപ്പല്‍ സ്ഥാനാരോഹണ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വൈദിക വിദ്യാര്‍ഥികള്‍ക്ക് ധനസഹായം, ഭദ്രാസനമൊട്ടാകെ ഹരിതവത്കരണം എന്നീ പദ്ധതികള്‍ കൌണ്‍സില്‍ നടപ്പിലാക്കി. പുതിയ തലമുറയ്ക്കായി ആരാധനാക്രമത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയും ഇംഗ്ളീഷ് ഗീതങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കൂദാശകളെപ്പറ്റിയുള്ള പുസ്തകങ്ങളും ഡിവിഡിയും പ്രസിദ്ധീകരിച്ചു.

2014 മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് എപ്പിസ്കോപ്പമാരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. ഹൂസ്റണില്‍ അഞ്ച് ഏക്കറില്‍ അധികം സ്ഥലം വാങ്ങി റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുവാന്‍ സാധിച്ചു.

ഭദ്രാസനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനോടൊപ്പം പ്രകൃതിദുരന്തങ്ങളില്‍ മറ്റും ഇരയായവര്‍ക്ക് ധന സഹായം നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ സംതൃപ്തിയോടെയാണ് ഭദ്രാസന കൌണ്‍സില്‍ സ്ഥാനം ഒഴിയുന്നത്. പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച ഏവര്‍ക്കും കൌണ്‍സില്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അലന്‍ ജോണ്‍