മോര്‍ കൂറീലോസ് സിറിള്‍ അപ്രേം കരിം തിരുമനസിനു പ്രാര്‍ഥനാശംസകള്‍
Wednesday, April 2, 2014 4:30 AM IST
ഷിക്കാഗോ: ലെബനോനില്‍ ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അധ്യക്ഷതയില്‍ ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സിനഡില്‍ വച്ച് സഭയുടെ 123 -ാമത്തെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മോര്‍ കൂറീലോസ് സിറിള്‍ അപ്രേം കരിം തിരുമനസിന് ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ പ്രാര്‍ഥനാനിര്‍ഭരമായ ആശംസകള്‍.

പരി: സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് സഭയെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട തിരുമേനിയെ അതിനുതക്കത്തക്കവണ്ണം ശക്തീകരിക്കുവാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നതായി ഇടവകക്കു വേണ്ടി വികാരി തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്കോപ്പ അറിയിച്ചു.

ഇടവകയുടെ ജൂബിലിയോടനുബന്ധിച്ച് തിരുമേനി ഈ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതും ആദ്യാവസാനം ജൂബിലി ആഘോഷങ്ങളില്‍ സംബന്ധിച്ചതും ഒരു ഭാഗ്യമായി കരുതുന്നാതായി അച്ചന്‍ അറിയിച്ചു.

അമേരിക്കന്‍ ഭദ്രാസനത്തെ സംബന്ധിച്ച തിരുമേനിയുടെ ഈ സ്ഥാനലബ്ദി ഒരു പ്രചോദനമായിട്ടുണ്ട്. തിരുമേനിയുടെ സ്ഥാനാരോഹണം ഭംഗിയായി നടക്കുന്നതിനും തന്റെ പൂര്‍വികന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ പാത പിന്തുടര്‍ന്ന് സഭയില്‍ സമാധാനം ഉണ്ടാക്കുന്നതിനു പിതാവിനു സാധിക്കുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കണമെന്ന് വിശ്വാസികളോട് അച്ചന്‍ ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: ഏലിയാസ് പുത്തൂക്കാട്ടില്‍