വിദേശ രാജ്യങ്ങളിലെ കുവൈറ്റ് എംബസികള്‍ക്ക് വീസ ഇഷ്യൂ ചെയ്യുവാനുള്ള അനുവാദം
Tuesday, April 1, 2014 6:46 AM IST
കുവൈറ്റ്: വിദേശ രാജ്യങ്ങളിലെ കുവൈറ്റ് എംബസികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കുവിധേയമായി വീസ ഇഷ്യൂ ചെയ്യുവാനുള്ള അനുവാദം നല്‍കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനെന്റ് ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് ഉത്തരവിന്റെ കോപ്പികള്‍ ആഭ്യന്തര വകുപ്പിനും പാസ്പോര്‍ട്ട് വിഭാഗത്തിനും കുടിയേറ്റ വകുപ്പിനും നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആഭ്യന്തര വകുപ്പുമായി സഹകരിച്ചുകൊണ്ടും ഏകോപിപ്പിച്ചുകൊണ്ടുമായിരിക്കണം വിദേശ രാഷ്ട്രങ്ങളിലെ കുവൈറ്റ് എംബസികള്‍ വീസ ഇഷ്യൂ ചെയ്യേണ്ടത്. ടൂറിസം, വാണിജ്യം, ഫാമിലി വീസകള്‍ എംബസികള്‍ക്ക് നല്‍കാവുന്നതാണന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്കും നടപടിക്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വീസ ലഭിക്കുന്നതിന് ആവശ്യമായ രേഖകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ വീസകള്‍ ഇഷ്യൂ ചെയ്യുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. പക്ഷെ പുതിയ നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയില്ല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍