സ്വദേശിയുടെ കുത്തേറ്റ് മലയാളി റിയാദില്‍ മരിച്ചു
Tuesday, April 1, 2014 6:37 AM IST
റിയാദ:് മാനസികാസ്വാസ്ഥ്യമുള്ള സൌദി യുവാവിന്റെ ആക്രമണത്തില്‍ കടയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി അതിദാരുണമായി കൊല്ലപ്പെട്ടു. ചെമ്മാട് പതിനാറുങ്ങല്‍ കനിത്തൊടി കെ.ടി സെയ്തലവി 36 ആണ് സിഗരറ്റ് വാങ്ങാനായി എക്സിറ്റ് 28 ന് സമീപം ബദിയയിലുള്ള തന്റെ കടയില്‍ എത്തിയ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്. സിഗരറ്റിന്റെ പണമാവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് പ്രകോപിതനായ യുവാവ് കടയില്‍ നിന്ന് പിടിച്ചിറക്കി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. പ്രാണരക്ഷാര്‍ഥം ഓടിയ സെയ്തലവിയെ നടുറോഡിലിട്ടാണ് കുത്തി വീഴ്ത്തിയത്.

സിഗരറ്റ് വാങ്ങിയ ശേഷം നല്‍കിയ പണത്തില്‍ രണ്ടു റിയാല്‍ കുറവുള്ളത് ചോദിച്ചപ്പോഴാണ് യുവാവ് കത്തിയെടുത്തത്. അന്‍പതിലേറെ തവണ കുത്തിയതായി കണ്ടു നിന്നവര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരീജ പോലീസ് പ്രതിയെ പിടികൂടി.

നാലു വര്‍ഷമായി സൌദിയിലുള്ള സെയ്തലവി ഒന്നര മാസം മുന്‍പാണ് ഈ കടയിലെത്തിയത്. കെ.ടി മുഹമ്മദ് ആണ് പിതാവ്. മുബീന ഭാര്യയും ആദില (8), ആദില്‍ (4) എന്നിവര്‍ മക്കളുമാണ്. സെയ്തലവിയുടെ മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍