'സുദൃഢമായ നേതൃത്വം മുസ്ലിം കൈരളിയുടെ വിജയ രഹസ്യം'
Tuesday, April 1, 2014 6:33 AM IST
ജിദ്ദ: സുദൃഢമായ നേതൃത്വമാണ് മുസ്ലിം കൈരളിയുടെ വിജയ രഹസ്യമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ. അബ്ദുള്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മുസ്ലിം സമുദായത്തിനിടയില്‍ ഛിദ്രതയുണ്ടാക്കി മുസ്ലിങ്ങളെ അപചയപ്പെടുത്തുന്ന പ്രവണത ആദര്‍ശ പ്രചാരണത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കേണ്ട താണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൂറുല്‍ ഉലമാ എം.എ. അബ്ദുള്‍ ഖാദിര്‍ മുസ്ലിയാര്‍ക്കും കാസര്‍ഗോട് ജാമിഅ സഅദിയ്യ പ്രസിഡന്റായി തെരഞ്ഞെടുത്ത കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ക്കും ഐ.സി.എഫ് സൌദി നാഷണല്‍ കമ്മിറ്റിയും ജിദ്ദാ ഐസിഎഫ് കമ്മിറ്റിയും സംയുക്തമായി ശറഫിയ്യ മര്‍ഹബയില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നിപ്പിലൂടെ സമുദായത്തെ തകര്‍ക്കാന്‍ ഇസ്ലാമിന്റെ ആവിര്‍ഭാവ കാലം തൊട്ടേ ശ്രമങ്ങളുണ്ടായിരുന്നു. ഇസ്ലാമിനെ തകര്‍ക്കാന്‍ വന്ന എല്ലാ കുതന്ത്ര ശക്തികളും പത്തിമടക്കി പരാജയം സമ്മതിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാ കുതന്ത്രങ്ങളേയും അതിജീവിച്ച് സത്യമതമായി ഇസ്ലാം ഇന്നും ശോഭിച്ചു നില്‍ക്കുന്നതിന് കാരണം അതിന്റെ നേതൃപരമായ മഹത്വമായിരുന്നു. നേതൃത്വം പറഞ്ഞത് പൂര്‍ണമായി ഉള്‍ക്കൊണ്ട് അച്ചടക്കത്തോടെ മുന്നേറിയതുകൊണ്ടാണ് ഇസ്ലാമിന് വിജയം ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം നോക്കിയല്ല ഇസ്ലാമിക വീക്ഷണങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്, സത്യദീനിന്റെ പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും തിരുനബി(സ)യുടെ ഹദീസുകളും അറിഞ്ഞ് മനസിലാക്കിയ പണ്ഡിതരുടെ നിര്‍ണയങ്ങളാണ് മുസ്ലിങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം.

തിരുനബി(സ)യില്‍ നിന്ന് പാരമ്പര്യമായി കൈമാറി വരുന്ന ഇത്തരം ചര്യകളെ ഭൂരിപക്ഷാടിസ്ഥാനത്തില്‍ മാറ്റം വരുത്തുന്ന നിലപാട് ഇസ്ലാമിലില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ജാമിഅ സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ ഇസ്ലാമിക പാരമ്പര്യവും സംസ്കാരവും മനുഷ്യന്റെ ആവിര്‍ഭാവ കാലം തൊട്ടേ ഉള്ളതാണെന്നും ശ്രീലങ്കയടങ്ങുന്ന ഇന്ത്യാ ഭൂഖണ്ഡത്തില്‍ നിന്നാണ് ആദ്യപിതാവ് ആദം നബി(അ) വാസമാരംഭിക്കുന്നത് എന്നത് ചരിത്രസത്യമാണെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു.

ഇസ്ലാമിക നിയമങ്ങള്‍ പാലിച്ച് ജീവിതം നയിക്കുന്നവര്‍ക്കാണ് അന്തിമവിജയമെന്നും മുസ്ലിംകള്‍ വിദ്യാസമ്പന്നരില്‍ ഉന്നതിയിലെത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐസിഎഫ് മിഡില്‍ ഈസ്റ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പകര അധ്യക്ഷനായിരുന്നു, ഐസിഎഫ് സൌദി നാഷണല്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അന്‍വരി റിയാദ്, ഐസിഎഫ് ജിദ്ദാ പ്രസിഡന്റ് മുഹ്യിദ്ദീന്‍ സഅദി കൊട്ടൂക്കര, മുഹമ്മദ് കുഞ്ഞി ഹാജി (എം.ഡി. ഹാപ്പിലാന്റ്, ദുബായ്) അബ്ദുള്‍ റഹ്മാന്‍ മളാഹിരി, സുബൈര്‍ സഖാഫി ദമാം, ശാഫി മുസ്ലിയാര്‍, അബ്ദുസലാം മുസ്ലിയാര്‍ പൊന്നാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍