'മത പ്രബോധനം മുസ്ലിം സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യത'
Tuesday, April 1, 2014 6:33 AM IST
ജിദ്ദ: മുസ്ലിം സമൂഹത്തിന്റെ എല്ലാവിധ കഷ്ടപ്പാടുകള്‍ക്കും കാരണം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ചുകൊടുത്ത നിര്‍ബന്ധ ബാധ്യതയായ മത പ്രബോധന പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിവായതാണെന്ന് കെ.എം. റിയാലു അഭിപ്രായപ്പെട്ടു.

മത പ്രബോധനം എന്ന് പറയുമ്പോള്‍ മുസ്ലിം സമൂഹം ആശങ്കയോടെയാണ് കാണുന്നത്. ഇത് നൂറു ശതമാനവും പിശാചിന്റെ ദുര്‍ബോധനത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. മക്കയിലെ നൂറു ഖുറൈഷി ഗോത്രങ്ങള്‍ ഒന്നിച്ചെതിരായിട്ടും പ്രവാചകന്‍ മുഹമ്മത് നബി അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചിരുന്നു. അത്രയും ധീരനായ മനുഷ്യന്‍ മാനവ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ആ പ്രവാചകനെ പിന്‍പറ്റുന്ന മുസ്ലിം സമൂഹം മത പ്രബോധനത്തിന്റെ കാര്യത്തില്‍ ഭീതികാണിക്കുന്നത് കേവലം മാനക്കേടല്ല ഒരു ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക പ്രബോധന രംഗത്തെ സജീവ സാന്നിധ്യവും ഉമറാബാദ് ജാമിഅ ദാറുസലാമിലെ പ്രബോധന വകുപ്പ് പരിശീലകനുമായ കെ.എം. റിയാലുവിന് ജിദ്ദ ജംഇയ്യത്തുല്‍ അന്‍സാര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ഷറഫിയ റമദാന്‍ വില്ലയില്‍ നടന്ന പരിപാടിയില്‍ ഇസ്ഹാക്ക് പറപ്പൂര്‍, ഫൈസല്‍ ബാബു അരിപ്ര, അബാസ് അലി, ഷെമി തിരൂര്‍, സിയാദ് തലശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.എ. മുഹമ്മത് അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍