കുവൈറ്റ് കേരള സുന്നി മുസ്ലിം കൌണ്‍സില്‍ പതിനഞ്ചാമത് വാര്‍ഷികം ആഘോഷിച്ചു
Monday, March 31, 2014 7:20 AM IST
കുവൈറ്റ്: വര്‍ധിച്ചുവരുന്ന മത പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ഇടയിലെ സത്യപാത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ കോയക്കുട്ടി ഉസ്താദ് പ്രസ്താവിച്ചു. ഖുര്‍ആനില്‍ അല്ലാഹുവിന്‍റെ കല്പനയാണ് സത്യവാന്മാരുടെ കൂടെ കൂടണമെന്ന്, നബി (സ)യുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാം പ്രചാരണം ആരംഭിച്ചു, സ്വഹാബത്തിന്റെ പാതയില്‍ താബിഉകള്‍ കേരളത്തിലെ ഇസ്ലാം പ്രചാരണത്തില്‍ മുഖ്യ പങ്കു വഹിച്ചു. ശേഷം വന്ന മഹത്തുക്കളായ മഖ്ദൂമി സാദാത്തുക്കളിലൂടെ സമസ്തയുടെ കരങ്ങളില്‍ യഥാര്‍ഥ ദീനിന്റെ പൈതൃകം വന്നു ചേര്‍ന്നു. കേരളത്തിലെ മതപരമായ മുന്നേറ്റത്തിന് പ്രധാന കാരണം സമസ്തയുടെ പതിനായിരത്തോളം എത്തി നില്‍ക്കുന്ന മദ്രസാ പ്രസ്ഥാനങ്ങള്‍ ആകുന്നു. പള്ളി ദര്‍സുകളും അറബി കോളേജുകളും ഉള്‍പ്പെടെ ഉയര്‍ന്ന മത വിദ്യാഭ്യാസത്തിനു സമസ്ത ഊന്നല്‍ നല്‍കി വരുന്നു. എല്ലാവരും സമസ്തയുടെ പാതയില്‍ അണിചേരണമെന്നും ശൈഖുനാ ആഹ്വാനം ചെയ്തു.

കുവൈറ്റ് കേരള സുന്നി മുസ്ലിം കൌണ്‍സില്‍ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിച്ച അല്‍ മഹബ്ബ 2014; ഒന്നാം ദിവസം ദുആ സമ്മേളനത്തില്‍ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം. അബാസിയ ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ (ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഗ്രൌണ്ട്) പരിപാടി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൈഖുനാ കോയക്കുട്ടി ഉസ്താദ് ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി. പ്രമുഖ പ്രഭാഷകന്‍ നൌഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍ അതിഥികളെ പരിചയപ്പെടുത്തി. അഡ്വ. സയ്യിദ് നിസാര്‍ മഷ്ഹൂര്‍ തങ്ങള്‍, അബ്ദുള്‍ സലാം മുസ്ലിയാര്‍ വാണിയന്നുര്‍, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ഹംസ ബാഖവി, ഇസ്മായില്‍ ഹുദവി, ഷംസുദ്ദീന്‍ ഫൈസി, സയിദ് ബിന് നൂര്‍ ഹുദവി, സിദ്ധീഖ് ഫൈസി കണ്ണാടി പറമ്പ്, ഷറഫുദ്ദീന്‍ കണ്ണേത്ത്, ഹംസ പയ്യന്നൂര്‍, സിദ്ധീഖ് വലിയകത്ത്, ഫതാഹ് തയ്യില്‍, ബഷീര്‍ ബാത്ത എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദലി ഫൈസി സ്വാഗതവും സിറാജ് എരഞ്ഞിക്കല്‍ നന്ദിയും പറഞ്ഞു.

രണ്ടാം ദിവസം നടന്ന പരിപാടി അബ്ദുള്‍ സലാം മുസ്ലിയാര്‍ വാണിയന്നുരിന്റെ അധ്യക്ഷതയില്‍ ശൈഖുനാ കോയക്കുട്ടി ഉസ്താദ് ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍മഹബ്ബ14 സുവനീര്‍ പ്രകാശനം സയ്യിദ് മുനവറലി ശിഹാബ് തങ്ങള് എം.ആര്‍. നാസറിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സുന്നി കൌണ്‍സില്‍ പ്രസിഡന്റ് അബ്ദുള്‍ സലാം മുസ്ലിയാര്‍ക്ക് യാത്രയയപ്പ് നല്‍കി. സയ്യിദ് നാസര് മഷ്ഹൂര്‍ തങ്ങള്, സയ്യിദ് ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍ പ്രസംഗിച്ചു. ശേഷം നടന്ന പ്രമുഖ വാഗ്മി ഉസ്താദ് നൌഷാദ് ബാഖവിയുടെ ഉജ്ജ്വല പ്രസംഗം സദസിനെ കോരിത്തരിപ്പിച്ചു. നിത്യ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തേണ്ട വിവിധ കാര്യങ്ങള്‍ അദ്ദേഹം സദസിന് മുന്നില്‍ വരച്ചു കാണിച്ചു. അബ്ദുള്‍ സലാം മുസ്ലിയാര്‍ മറുപടി പ്രസംഗം നടത്തി. സുന്നി കൌണ്‍സിലിന്റെ പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പിന്നിട്ട നാഴികക്കല്ലുകളും അദ്ദേഹം വിശദീകരിച്ചു. പുതിയ സംഘടന കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സിലില്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹംസ ബാഖവി സ്വാഗതവും ഇസ്മായില്‍ ബെവിഞ്ച നന്ദിയും പറഞ്ഞു.

രണ്ടു ദിവസത്തെ പരിപാടിയില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഒഴുകിയെത്തി. മഹബ്ബ വോളന്റിയര്‍ സേവനം ക്യാപ്റ്റന്‍ അസീസ് പാടൂരിന്റെ നേത്രത്വത്തില്‍ ഏവരുടെയും പ്രശംസക്ക് പാത്രമായി. അബ്ദുള്‍ നാസര്‍ വലിയാട്, അബ്ദു പാലപ്പുറ, അന്‍വര്‍ കവ്വായി, സുബൈര്‍ പാറക്കടവ്, അബു ശബീല്‍, ഷംസുദ്ദീന്‍ മൌലവി, മിസഅബ്, നസീര്‍ ഖാന്‍, ഹക്കീം മൌലവി, ലത്തീഫ് മൌലവി, സൈനുല്‍ ആബിദ് ഫൈസി, ഹംസ മൌലവി തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനം പരിപാടി വന്‍ വിജയമാക്കി.