സ്കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ മലയാളി മരിച്ചു
Monday, March 31, 2014 7:12 AM IST
റിയാദ്: സ്കൂട്ടറില്‍ യാത്ര ചെയ്യവെ കാറിടിച്ച് പരിക്കേറ്റ മലയാളി മരിച്ചു. തിരുവനന്തപുരം അമരവിള ചാരുവിളാകം ഫസില്‍ മന്‍സിലില്‍ ഖാദര്‍ ബാഷ (52) ആണ് ശനിയാഴ്ച രാവിലെ അതിദാരുണമായി ബഗ്ളഫില്‍ മരണപ്പെട്ടത്. ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചു പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇരുപതു വര്‍ഷമായി റിയാദിലെ അല്‍ ബവാനി കമ്പനിയില്‍ ജോലി ചെയ്യുന്ന ഖാദര്‍ ബാഷയുടെ മകന്‍ ഫസില്‍ റിയാദില്‍ തന്നെയുണ്ട്. ഫസിലിനെ കൂടാതെ ഖാദര്‍ ബാഷക്ക് വിവാഹിതരായ രണ്ട് പെണ്‍മക്കളുമുണ്ട്. ബീമാ ബീവിയാണ് ഭാര്യ.

ഷുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം റിയാദില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കളായ നിസാറുദ്ദീന്‍, ജലാലുദ്ദീന്‍, ഹൈദ്രോസ് എന്നിവര്‍ പറഞ്ഞു. മരണാനന്തര നടപടികള്‍ക്കായി ബന്ധുക്കളെ സഹായിക്കാന്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും നാട്ടുകാരനുമായ അഡ്വ. എല്‍.കെ അജിത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍