ജോര്‍ജ് സി. തോമസ് ടെക്സാസില്‍ കോര്‍ട്ട് ജഡ്ജി
Monday, March 31, 2014 4:11 AM IST
ഹൂസ്റന്‍: അമേരിക്കന്‍ മലയാളി വംശജനായ ജോര്‍ജ് സി. തോമസ് അമേരിക്കയില്‍ ടെക്സാസ് സ്റേറ്റിന്റെ തലസ്ഥാനമായ ഓസ്റിന്‍ മുന്‍സിഫ് കോര്‍ട്ടില്‍ ജഡ്ജിയായി നിയമിതനായി. 1975ല്‍കേരളത്തിലെ കുറവിലങ്ങാട്-കോഴായില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ വര്‍ഗീസ് തോമസ്-നിര്യാതയായ ബ്രിജിറ്റ് തോമസ്, ചെറുവള്ളി മ്യാലില്‍ എന്നിവരുടെ സീമന്തപുത്രനായി ജോര്‍ജ് സി. തോമസ് ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ചു. 1980ല്‍ വര്‍ഗീസ് തോമസ്-ബ്രിജിറ്റ് കുടുംബം ന്യൂയോര്‍ക്കില്‍ നിന്ന് ടെക്സാസിലെ ഹൂസ്റനിലേക്ക് താമസം മാറ്റി.

ജോര്‍ജ് സി. തോമസ് ട്രിനിറ്റി യൂണിവേഴ്സിറ്റി ഓഫ് സാന്റാ അന്റോണിയോവില്‍ നിന്ന് 1998ല്‍ ബയോളജിയിലും ഹിസ്ററിയിലും രണ്ട് ബി.എസ് ഡിഗ്രികള്‍ കരസ്ഥമാക്കി. 2002ല്‍ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റന്‍ ലൊ സെന്ററില്‍ നിന്ന് ലൊയില്‍ ബിരുദം നേടി. ഹ്യൂസ്റനില്‍ ഇമിഗ്രേഷന്‍ ലൊ പ്രാക്ടീസ് ചെയ്തതിനോടൊപ്പം ടെക്സാസ് ഹൌസ് ഓഫ് റിപ്രസന്റേറ്റിവില്‍ ലെജിസ്ളേറ്റീവ് അസിസ്റന്റായി പ്രവര്‍ത്തിച്ചു. ടെക്സാസ് സ്റേറ്റിന്റെ തലസ്ഥാന നഗരിയായ ഓസ്റിനിലെത്തിയ ജോര്‍ജ് തോമസ് 2004ല്‍ അവിടെ ക്രിമിനല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചു വരവെയാണ് 2014ല്‍ ജഡ്ജിയായി നിയമനം ലഭിച്ചത്. ഓസ്റിനിലെ ട്രാവിസ് കൌണ്ടിയുടെ ചരിത്രത്തില്‍ ജോര്‍ജ് തോമസാണ് ആദ്യത്തെ ഇന്ത്യന്‍ വംശജനായ ജഡ്ജി. ഓസ്റിനിലെ വിവിധ സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളില്‍ ജോര്‍ജ്. സി. തോമസിന്റെ സജീവ പ്രവര്‍ത്തനവും സാന്നിധ്യവുമുണ്ട്.

മാത്യു സി. തോമസ്, ജോണി സി. തോമസ് എന്നിവര്‍ സഹോദരന്മാരും ആഷ്ലി സി. തോമസ് എന്ന സഹോദരിയുമാണ് ജോര്‍ജ് സി. തോമസിനുള്ളത്. മാതാവ് ബ്രിജിറ്റിന്റെ മരണശേഷം പിതാവ് വര്‍ഗീസ് തോമസ് പുനര്‍വിവാഹിതനായി. ആനി തോമസാണ് ഭാര്യ. വര്‍ഗീസ് തോമസ്-ആനി ദമ്പതികളിലുള്ള കുട്ടിയാണ് ആഷ്ലി സി. തോമസ്. ഇവര്‍ കുടുംബ സമേതം ഹൂസ്റനിലെ പ്രാന്തപ്രദേശമായ മിസൌറി സിറ്റിയിലെ സിയന്നാ പ്ളാന്റേഷനിലെ വാട്ടര്‍ഫോര്‍ഡില്‍ താമസിക്കുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരു ജഡ്ജി ഉണ്ടായതില്‍ ആഹ്ളാദഭരിതരാണിവിടത്തെ കേരളീയരും തദ്ദേശവാസികളും.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്