വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി ചങ്ങാതിക്കൂട്ടം
Sunday, March 30, 2014 8:02 AM IST
ഷാര്‍ജ: ശാസ്ത്രത്തിന്റെയും അഭിനയത്തിന്റെയും കരവിരുതിന്റെയും കളികളുടെയും പുതിയ അനുഭവം വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചുകൊണ്ട് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.

ഫ്രന്റ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാര്‍ച്ച് 28ന് അവധിക്കാല ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ചത്. ഇരുനൂറോളം കുട്ടികള്‍ ചങ്ങാതിക്കൂട്ടത്തില്‍ കൂട്ടുകൂടാനെത്തി. ചങ്ങാതിക്കൂട്ടത്തിലെ ചങ്ങാതിമാര്‍ ഒത്തൊരുമിച്ചാണു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ചങ്ങാതിക്കൂട്ടത്തില്‍ നാലുമൂലകളാണു കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. നാടന്‍പാട്ടുകളും ഗ്രൂപ്പ് കളികളുമായി കളിമൂല, നാടക അഭിനയവും അവതരണവുമായി അഭിനയമൂല, ഇന്ദ്രജാലമാന്ത്രിക വിദ്യകള്‍ക്കുള്ളിലെ ശാസ്ത്രം വിശദമാക്കികൊണ്ട് ശാസ്ത്രമൂല, പാവനിര്‍മാണം പരിചയപ്പെടുത്തിക്കൊണ്ട് കരകൌശലമൂല എന്നിങ്ങനെയായിരുന്നു വിവിധ വിഭാഗങ്ങള്‍.

എല്ലാ വിഭാഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഫ്രന്റ്സ് ഓഫ് കെഎസ്എസ്പിയിലെ യുഎഇയിലെ പ്രവര്‍ത്തകരാണ്.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തുനിന്നുകൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രന്റ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഉദ്ദേശിക്കുന്നത്. പഠനം പാല്‍പായസമാക്കാം എന്ന മുദ്രാവാക്യത്തോടെ ഫ്രന്റ്സ് ഓഫ് കെഎസ്എസ്പി സംഘടിപ്പിച്ചുവരുന്ന ബാലവേദികളുടെ തുടര്‍ച്ചയായാണു ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്.

വൈകുന്നേരം നടന്ന സമാപനത്തില്‍ കുട്ടികള്‍ തയാറാക്കിയ നാടകാവിഷ്കരണത്തിന്റെ അവതരണം നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്ളോര്‍ വിഭാഗം അധ്യക്ഷന്‍ പ്രഫ. ഗോവിന്ദരാജ കുട്ടികളോട് പ്രസംഗിച്ചു.

നാം വസിക്കുന്ന ഭൂമിയെ വരും തലമുറക്കായി സംരക്ഷിക്കുമെന്നും പ്ളാസ്റിക് മാലിന്യങ്ങളില്‍ നിന്ന് ഭൂമിയേയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തുകൊണ്ടാണു ചങ്ങാതിക്കൂട്ടം പിരിഞ്ഞത്.