കേരളാ അസോസിയേഷന്റെ സീനിയര്‍ ഫോറം വിജയകരം
Sunday, March 30, 2014 8:01 AM IST
ഡാളസ്: മലയാളിയുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന മദ്യപാനം അതിരുകടക്കുന്നതായി പഠനങ്ങള്‍. ഇന്ത്യയില്‍ കൂടുതല്‍ മദ്യ ഉപഭോഗം കേരളത്തിലാണ്. ശാരീരിക, മാനസീക, സാമൂഹിക അധപതനത്തിലേക്കാണ് മദ്യപാനത്തിന്റെ ദുരുപയോഗം മലയാളികളെ കൊണ്െടത്തിക്കുന്നത്. മദ്യത്തിന്റെ അമിതോപയോഗം ലിവര്‍ സീറോസിസ്, ലിവര്‍ കാന്‍സര്‍, പ്രമേഹം, രക്ത സമ്മര്‍ദം എന്നീ രോഗങ്ങള്‍ക്കും കാരണമാകും.

ഡാളസില്‍ കേരള അസോസിയേഷന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സീനിയേഴ്സ് ഫോറം പരിപാടിയിലാണ് ഡാളസ് ടിമ്പര്‍ലോണ്‍ ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. തോമസ് വര്‍ഗീസ് കൊച്ചുപറമ്പില്‍ ഈ മേഖലയിലെ പ്രശ്നങ്ങളെ പറ്റി ക്ളാസെടുത്തത്.

പൂര്‍ണ മദ്യ വിമുക്തി നേടാന്‍ ഡീടോക്സിഫിക്കേഷന്‍ പോലുള്ള ചികിത്സാ രീതികള്‍ വിജയപ്രദമാണ്. മദ്യത്തിനോട് വിരക്തി തോന്നുവാനുള്ള മരുന്നുകളും ലഭ്യമാണ്. ഡീടോക്സിഫിക്കേഷനുശേഷം പുനരധിവസിപ്പിക്കല്‍ പദ്ധതികള്‍ മദ്യത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സഹായിക്കും. കൌണ്‍സലിംഗ്, മാനസിക പിന്തുണ നല്‍കല്‍, പരിചരണം, ആരോഗ്യ പരിപാലനം തുടങ്ങിയവടങ്ങിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശേരി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ മുന്‍ ഫിസിഷ്യന്‍ ഡോ. ബീന പൌലോസ്, ആഅങട ആരോഗ്യപരിപാലനത്തിലെ ആയൂര്‍വേദ ചികിസ്താരംഗത്തെ രീതികളെ പറ്റി പ്രതിപാദിച്ചു ക്ളാസ് നയിച്ചു. ആയൂര്‍വേദം ആയുസിന്റെ വേദമാണ്. രോഗത്തെയല്ല രോഗിയെയാണ് ആയുര്‍വേദത്തില്‍ ചികിസ്തിക്കുന്നത്. ചിട്ടയായ ദിനചര്യയും ഭക്ഷണവും വ്യായാമവും ഉറക്കവും ആയുര്‍വേദത്തില്‍ ഊന്നല്‍ നല്‍കുന്നു. രോഗത്തെ പ്രതിരോധിക്കുകയാണ് രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ ഫലപ്രദം. ഡോ. ബീന വിവരിച്ചു. തുടര്‍ന്ന് ചോദ്യോത്തരപരിപാടി നടന്നു. വിവിധ പ്രശ്നങ്ങള്‍ക്കുള്ള ആയുര്‍വേദ പ്രതിവിധിയും ചോദ്യോത്തര വേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

റിട്ടയര്‍മെന്റ് ജീവിതത്തില്‍ മലയാളി സമൂഹം നേരിടുന്ന പ്രശ്നനങ്ങളെക്കുറിച്ച് ഡോ. സി.പി മാത്യു പ്രത്യേക സെഷനില്‍ നയിച്ചു. ശാരീരിക മാനസീക ആരോഗ്യത്തിനു മുന്‍തൂക്കം നല്‍കിയുള്ള ദിനചര്യകളുടെ ആവശ്യകത ആദേഹം വിവരിച്ചു. മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി നടത്തിയ സീനിയേഴ്സ് ഫോറത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.

അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതവും സെക്രട്ടറി റോയ് കൊടുവത്ത് കൃതജ്ഞതയും പറഞ്ഞു. ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെക്രട്ടറി ഐ വര്‍ഗീസ് അതിഥികളെ സദസിനു പരിചയപ്പെടുത്തു. യൂത്ത് ഡയറക്ടര്‍ ടിഫനി ആന്റണിയുടെ നേതൃത്വത്തില്‍

സംഗീത പരിപാടി തുടര്‍ന്ന് സദസില്‍ നടന്നു. ഉച്ച ഭക്ഷണത്തോടെയാണ് സെമിനാര്‍ സമാപിച്ചത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍