കുവൈറ്റില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നു
Sunday, March 30, 2014 7:58 AM IST
കുവൈറ്റ് : അഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നിയമലംഘകര്‍ക്കായുള്ള പരിശോധന കര്‍ശനമാക്കുന്നു. ഇഖാമ കാലാവധി തീര്‍ന്നവര്‍, തൊഴിലുടമ മാറി ജോലി ചെയ്തുവന്നവര്‍, വഴിയോര കച്ചവടക്കാര്‍, വിവിധ കേസുകളില്‍ പ്രതികളായവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.

കഴിഞ്ഞ ദിവസം കബദ് മേഖലയിലെ വിവിധയിടങ്ങളില്‍ നടന്ന തിരച്ചലില്‍ നൂറോളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറ്റസ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട് പൌരത്വകാര്യ അണ്ടര്‍ സെക്രട്ടറി കേണല്‍ ഫൈസല്‍ നവാഫ് അസ്വബാഹ്, എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗാസി അല്ലമീഅ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹവുമായാണ് പോലീസ് റെയ്ഡിനെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ തിരച്ചിലുകള്‍ നടത്തുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍