കബീര്‍ ബാഖവിയുടെ പ്രഭാഷണ പരമ്പരക്ക് പ്രൌഢോജ്വ തുടക്കം
Sunday, March 30, 2014 7:55 AM IST
മനാമ: സമീപകാലത്ത് ബഹ്റിന്‍ കണ്ട ഏറ്റവും വലിയ ജനസഞ്ചയത്തെ സാക്ഷിയാക്കി ഹാഫിള്‍ അഹ്മദ് കബീര്‍ ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക് ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ പ്രൌഢോജ്വല തുടക്കം.

വി.ഖുര്‍ആനിലെ 103 ആം അധ്യായമായ സൂറത്തുല്‍ അസ്വറിലെ 'കാലം തന്നെ സത്യം' എന്നാരംഭിക്കുന്ന ഭാഗം വിശദീകരിച്ച് തുടങ്ങിയ പ്രഭാഷണത്തില്‍ പ്രപഞ്ചത്തിലെ സൃഷ്ടികളൊക്കെയും സൃഷ്ടാവിന് പ്രണാമമര്‍പ്പിക്കുമ്പോള്‍ ഉത്കൃഷ്ട വ്യക്തിയായ മനുഷ്യന്‍ മാത്രം സൃഷ്ടാവിന് നന്ദികേട് കാണിക്കുന്നതിലെ വൈരുധ്യം അദ്ദേഹം തുറന്നു കാണിച്ചു.

ഐഹികാഢംഭരങ്ങളില്‍ മതിമറന്നുപോയ മനുഷ്യന്‍ സ്വത്തത്തെ തിരിച്ചറിയണമെന്നും സ്വര്‍ഗലോകത്തെ സുഖാനുഭൂതികള്‍ അനുഭവിക്കാനുള്ളവരാണ് യഥാര്‍ഥ വിശ്വാസികളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ഗത്തില്‍ ആയിരക്കണക്കിന് മാലാഖമാരെ പ്രജകളാക്കി സുവര്‍ണ സിംഹാസനങ്ങളില്‍ കഴിയാനുള്ള മനുഷ്യന് എങ്ങനെ ഈ നശ്വര ലോകത്ത് അനാശാസ പ്രവണതകളില്‍ അഭിരമിക്കാന്‍ കഴിയുമെന്നും ആനുകാലിക സംഭവവികാസങ്ങളിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം ചോദിച്ചു.

സൃഷ്ടി സൃഷ്ടാവിനെ തിരിച്ചറിഞ്ഞ് ജീവിക്കുക മാത്രമാണ് അഭിനവയുഗത്തിന് കരണീയമെന്നും അതായിരിക്കണം വിശ്വാസികളുടെ ആത്യന്തിക ലക്ഷ്യമെന്നും വ്യക്തമാക്കിയ അദ്ധേഹം അഭിനവയുഗത്തിലും ധാര്‍മ്മികതയിലൂന്നിയ മാതൃകാ ജീവിതം സുസാധ്യമാണെന്നും അതിന് സമസ്ത നേതാക്കളുടെ ജീവിതം സാക്ഷിയാണെന്നും വിശദീകരിച്ചു.

സ്ത്രീ പുരുഷ ഭേദമെന്യ വിശ്വാസികള്‍ ഒഴുകിയെത്തിയ ചടങ്ങ് ബഹ്റിന്‍ എംപി ആദില്‍ അബ്ദുറഹ്മാന്‍ അല്‍ അസൂമി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റും സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയുമായ സയിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ മസ്ഊദ് ഖിറാഅത്ത് നടത്തി. സി.കെ.പി. അലി മുസ്ലിയാര്‍, അഡ്വ.മുഹമ്മദ് ഗസാലി, എസ്.വി.ജലീല്‍, ജി.കെ.നായര്‍, ജനാര്‍ദ്ദനന്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അഷ്റഫ് ഹാജി കാട്ടില്‍ പീടിക സ്വാഗതവും സനാഫ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0097333257944.