'മുസ്ലിങ്ങള്‍ പരസ്പരം ശത്രുക്കളാവരുത്'
Sunday, March 30, 2014 7:52 AM IST
മനാമ: അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു മുസ്ലിമും മറ്റൊരു മുസ്ലിമിന് ശത്രുവായി മാറരുതെന്നും അന്യന്റെ കഷ്ടതകളില്‍ വിശ്വാസികള്‍ സന്തോഷിക്കരുതെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ബോധിപ്പിച്ചു.

സമസ്ത കേരള സുന്നി ജമാഅത്തിനു കീഴില്‍ നടന്നു വരുന്ന വാരാന്ത സ്വലാത്ത് മജ്ലിസില്‍ വിശ്വാസികള്‍ക്ക് നസ്വീഹത്ത് നല്‍കുകയായിരുന്നു തങ്ങള്‍.

ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ശത്രുവായി ഗണിക്കുന്നതുതന്നെ അപകടമാണ്. ശത്രുവിനെതിരായ പ്രാര്‍ഥനയില്‍ അവന്‍ അകപ്പെടാന്‍ അതു കാരണമാകും.

വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാല്‍ അത് പരസ്പര ശത്രുതക്ക് കാരണമാകുന്ന രീതിയിലാവരുത്, തങ്ങള്‍ ഉപദേശിച്ചു.

മറ്റുള്ളവര്‍ക്ക് അവരുടെ സ്വത്തുകളിലും ശരീരങ്ങളിലും നിര്‍ഭയം നല്‍കുന്നവനാകണം വിശ്വാസി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ശത്രുവാണെങ്കില്‍ പോലും അപരന്റെ കഷ്ടതകളില്‍ നാം സന്തോഷിക്കരുത്. അങ്ങനെ ചെയ്താല്‍ പ്രസ്തുത വ്യക്തിക്ക് അല്ലാഹു റഹ് മത്ത്(കാരുണ്യം) ചെയ്യുകയും അതേ പരീക്ഷണം നമുക്ക് നല്‍കുകയും ചെയ്യും. നാം വീട്ടില്‍ കതകടച്ചിരുന്നാല്‍ പോലും നമുക്ക് അത് ബാധിക്കുമെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.