ഷാജന്‍ ആനിത്തോട്ടത്തിന് സ്കോക്കി വില്ലേജ് സര്‍വീസ് അംഗീകാരം
Saturday, March 29, 2014 3:15 AM IST
ഷിക്കാഗോ: സ്കോക്കി നഗരസഭയുടെ വിവിധ ബോര്‍ഡുകളിലും കമ്മീഷനുകളിലും സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിനായി നഗരസഭ സംഘടിപ്പിച്ച ചടങ്ങില്‍ സ്കോക്കി വില്ലേജ് ഫാമിലി സര്‍വീസ് കമ്മീഷന്‍ അംഗം ഷാജന്‍ ആനിത്തോട്ടം കമ്മീഷണര്‍ എന്ന നിലയില്‍ അഞ്ചുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയതിനുള്ള അംഗീകാരം കരസ്ഥമാക്കി.

മാര്‍ച്ച് 24-ന് തിങ്കളാഴ്ച സ്കോക്കി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭയുടെ സേവനങ്ങളെ സാധാരണക്കാരിലെത്തിക്കുകയും ജനോപകാരപ്രദമായ വിവിധ പദ്ധതികളും പ്രോഗ്രാമുകളും സംഘടിപ്പിച്ച് സമൂഹത്തിന് മാതൃക നല്‍കുകയും ചെയ്യുന്ന കമ്മീഷണര്‍മാരെ മേയര്‍ അഭിനന്ദിക്കുകയും കൌണ്‍സിലിന്റെ നന്ദി അറിയിക്കുകയും ചെയ്തു. നഗരസഭയുടെ എല്ലാ ട്രസ്റിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ എഴുത്തുകാരനും ഷിക്കാഗോ സണ്‍ടൈംസ് മുന്‍ എഡിറ്ററുമായ റിച്ചാര്‍ഡ് കേഹന്‍ മുഖ്യ പ്രഭാഷണം നടത്തി. വില്ലേജ് ക്ളാര്‍ക്ക് പ്രമോദ് ഷാ ആയിരുന്നു ചടങ്ങിന്റെ മാസ്റര്‍ ഓഫ് സെറിമണി.

2009 മുതല്‍ കമ്മീഷണര്‍ ആയി സാമൂഹ്യ സേവനം അനുഷ്ഠിക്കുന്ന ഷാജന്‍ ആനിത്തോട്ടം ഫാമിലി സര്‍വീസ് കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ കര്‍മ്മപരിപാടികളില്‍ സജീവ പങ്കാളിയാണ്. നൈല്‍സ് ടൌണ്‍ഷിപ്പ് ഫുഡ് പാന്‍ട്രിക്കുവേണ്ടി വേല്‍ക്കാലത്തെ ഞായറാഴ്ചകളില്‍ ഫാമിലി സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഫുഡ് ഡ്രൈവില്‍ പതിവായി പങ്കെടുക്കുന്നു. ഫാമിലി സര്‍വീസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ടൌണ്‍ഷിപ്പിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി ഒരുക്കിയ പച്ചക്കറി തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്കാളിയായിരുന്നു. സീനിയര്‍ സിറ്റിസണ്‍സ് ഉള്‍പ്പടെ മുനിസിപ്പിലാറ്റിയിലെ കുടുംബങ്ങള്‍ക്ക് സൌജന്യമായി വിവിധ തരത്തിലുള്ള സാമൂഹ്യ സേവനങ്ങളാണ് ഫാമിലി സര്‍വീസ് കമ്മീഷന്‍ നല്‍കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം