ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ പീഢാനുഭവ ശുശ്രൂഷകള്‍
Saturday, March 29, 2014 3:15 AM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ മാര്‍ച്ച് 25-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് വിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാളും, വിശുദ്ധ വലിയനോമ്പിന്റെ പാതിയിലുള്ള പാതിനോമ്പും ആചരിച്ചു. ഫാ. ഡാനിയേല്‍ ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിച്ചു.

ഏപ്രില്‍ അഞ്ചിന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് 6.45-ന് ഓക്ലോണ്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി റവ.ഫാ. എബി ചാക്കോ ധ്യാന പ്രസംഗം നടത്തും. ഏപ്രില്‍ ആറിന് നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച കാതോലിക്കാ ദിനമായി ആചരിക്കും. രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാന, പതാക ഉയര്‍ത്തല്‍, സഭയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍, പ്രസംഗം, മംഗളഗാനാലാപനം എന്നിവയുണ്ടായിരിക്കും.

ഏപ്രില്‍ 11-ന് നോമ്പിലെ നാല്‍പ്പതാം വെള്ളിയാഴ്ച വൈകിട്ട് നമസ്കാരം, വിശുദ്ധ കുര്‍ബാന, ധ്യാന പ്രസംഗം ഇവയുണ്ടായിരിക്കും. ഏപ്രില്‍ 12-ന് ശനിയാഴ്ച ആത്മീയാനന്ദം തിരിച്ചറിഞ്ഞ് വിനയത്താല്‍ ബലം ധരിച്ച് ദൈവനാമത്തെ സ്തുതിക്കുന്ന ഓശാന പെരുന്നാള്‍ വൈകിട്ട് 6.30-ന് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കും. ഏപ്രില്‍ 13-ന് ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരവും, 9.30-ന് വിശുദ്ധ കുര്‍ബാനയും, ഓശാന പെരുന്നാള്‍ ശുശ്രൂഷകളും നടക്കും. ഓശാനയ്ക്ക് വാഴ്ത്തപ്പെട്ട കുരുത്തോലകള്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഭവനത്തില്‍ കൊണ്ടുവന്ന് പവിത്രമായി സൂക്ഷിക്കുന്നു. ഭവനങ്ങളുടെ സംരക്ഷണത്തിനും, കലഹങ്ങള്‍ ദുരീകരിക്കുവാനും ഐശ്വര്യമുണ്ടാകുവാനും ഇതുമൂലം കഴിയുമെന്നാണ് വിശ്വാസം.

ഏപ്രില്‍ 16-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് പെസഹാ പെരുന്നാളിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. മതാനുഷ്ഠാനങ്ങളിലും സന്മാര്‍ക്ഷിക നിയമങ്ങളിലും വന്നുപോകുന്ന തെറ്റുകള്‍ക്ക് പരിഹാരമായി നിര്‍വ്വഹിക്കുന്ന ബലിയര്‍പ്പണമാണ് പെസഹാ പെരുന്നാളിന്റെ പ്രധാന ഭാഗം. ഏപ്രില്‍ 11 മുതല്‍ 19 വരെ വൈകിട്ട് വിശ്വാസികള്‍ക്ക് വി. കുമ്പസാരം നടത്തുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കും. ഏപ്രില്‍ 18-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചാരുതയാര്‍ന്ന ബഹുവര്‍ണ്ണ പുഷ്പങ്ങളാല്‍ ഭൂമിയെ അലങ്കരിച്ച ദൈവത്തെ മനുഷ്യര്‍ മുള്‍ക്കിരീടം അണിയിച്ച് പരിഹസിച്ചതിലെ വൈരുദ്ധ്യം ദുഖത്തോടെ ഏറ്റുപറഞ്ഞുകൊണ്ട് ദുഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്കുശേഷം സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന് കബറിങ്കല്‍ രാത്രി ജാഗരണ പ്രാര്‍ത്ഥനയുണ്ടായിരിക്കും. ഏപ്രില്‍ 19-ന് ദുഖശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ശൂന്യതാബോധവും, നിരാശയും, മരണഭയവും അകറ്റി മനുഷ്യര്‍ക്ക് യഥാര്‍ത്ഥ സുരക്ഷിതത്വം നല്‍കുന്ന ക്രിസ്തുവിന്റെ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. പൈശാചിക ശക്തികളില്‍ നിന്നും സംരക്ഷിക്കപ്പെടുവാനും, ഭിന്നിച്ചിരിക്കുന്നവര്‍ അനുരഞ്നപ്പെടുവാനും യുദ്ധങ്ങളും കലഹങ്ങളും നീങ്ങിപ്പോകുവാനും, പ്രകൃതിദുരന്തങ്ങളില്‍ നിന്ന് കാത്തുകൊള്ളപ്പെടുവാനും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യവും കൃപയും എപ്പോഴും ഉണ്ടകണമേ എന്നും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നു.

കഷ്ടാനുവാഴ്ചയില്‍ എല്ലാ ദിവസവും സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. ശുശ്രൂഷകളില്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ക്രിസ്റഫര്‍ മാത്യു സഹകാര്‍മികത്വം വഹിക്കും. ശുശ്രൂഷകളുടെ നടത്തിപ്പിനായി തോമസ് സ്കറിയ (ട്രസ്റി), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം