പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, March 28, 2014 3:34 AM IST
ഷിക്കാഗോ: 2014 മാര്‍ച്ച് 29-ന് ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് നടക്കുന്ന ഷിക്കാഗോ രൂപതാ പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

2012- 2014 വര്‍ഷങ്ങളിലേക്കായി രൂപീകൃതമായിരിക്കുന്ന ഇപ്പോഴത്തെ പാസ്ററല്‍ കൌണ്‍സിലിന്റെ മൂന്നാമത്തെ ഈ സമ്മേളനത്തില്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളില്‍ നിന്നുമായി അമ്പത് പ്രതിനിധികള്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉദ്ഘാടനം ചെയ്യും. രൂപതാ പ്രോട്ടോസിന്‍ഞ്ചെല്ലുസ് റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ 'ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ വിളിയും ദൌത്യവും വെല്ലുവിളികളും' എന്ന വിഷയം അവതരിപ്പിക്കും. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ക്ക് രൂപതയുടെ അജപാലനപരമായ കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രയങ്ങളും ആശയങ്ങളും പങ്കുവെയ്ക്കാന്‍ അവസരമുണ്ടാകും.

രൂപത സ്ഥാപിതമായതിന്റെ പതിന്നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ നടത്തപ്പെടുന്ന പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും രൂപതയുടെ മുന്നോട്ടുള്ള യാത്രയില്‍ അജപാലന രംഗത്ത് കൂടുതല്‍ ഉണര്‍വ്വും ദിശാബോധവും നല്‍കുമെന്ന് പ്രത്യാശിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം