പാത്രിയര്‍ക്കീസ് ബാവയുടെ കബറടക്ക ശുശ്രൂഷകള്‍ അവസാനഘട്ടത്തില്‍
Thursday, March 27, 2014 8:04 AM IST
ബെയ്റൂട്ട്: ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സംസ്കാരശുശ്രൂഷകള്‍ അവസാനഘട്ടത്തില്‍. ഭൌതിക ശരീരം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അഷ്റഫിയയിലെ സെന്റ് എഫ്രേം ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം കര്‍മ്മഭൂമിയായ സിറിയയിലേക്ക്കൊണ്ടുപോയി.

പൊതുദര്‍ശനസമയത്ത് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് വിശ്വാസികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ഭൌതീക ശരീരം വ്യാഴാഴ്ച രാവിലെ 11 ന് കര്‍മ്മഭൂമിയായ സിറിയയിലേക്ക്കൊണ്ടുപോയി. ലബാനോനിലെ സെന്റ് എഫ്രേം കത്തീഡ്രലില്‍ നിന്നും റോഡുമാര്‍ഗമാണ് സിറിയയിലെ ഡമാസ്കസിലുള്ള സെന്റ് ജോര്‍ജ് കത്തീഡ്രലിലേക്ക് വിലാപയാത്രയായി ബാവായുടെ ഭൌതീക ശരീരം കൊണ്ടുപോയത്. ശ്രേഷ്ഠ കാതോലിക്കാ ബാവയും സഭയിലെ മെത്രാപൊലീത്താമാരും വൈദീകരും സന്യാസിനിമാരും വിശ്വാസികളും ബാവയുടെ ഭൌതീക ശരീരത്തെ അനുഗമിച്ചു.

വെള്ളിയാഴ്ച രാവിലെ കബറടക്ക ശുശ്രൂഷയുടെ അവസാന ഭാഗം ആരംഭിക്കും. തുടര്‍ന്ന് സെന്റ് എഫ്രേം ദയറായിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബാവായുടെ ഭൌതീക ശരീരം മണ്ണിലേക്ക് ചേരും.

മോര്‍ എഫ്രേം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങുകള്‍ സുറിയാനി പാരമ്പര്യവും പരിശുദ്ധ സഭയുടെ സത്യവിശ്വാസവും വിളിച്ചോതുന്നതായിരുന്നു. കബറടക്ക ശുശ്രൂഷയുടെ ഒരുഭാഗം പൂര്‍ണമായും മലയാളത്തില്‍ ചൊല്ലി. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാത്രിയാര്‍ക്കീസിന്റെ കബറടക്ക ശുശ്രൂഷയുടെ ഒരു ഭാഗം മലയാളത്തില്‍ ചൊല്ലുന്നത്. ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സുറിയാനി സഭയിലേയും സഹോദര സഭകളിലെയും ബിഷപ്പുമാരും വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളും സന്നിഹിതരായിരുന്നു.

ലബനന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍ അഷ്റഫിയയിലെത്തി പാത്രിയര്‍ക്കീസ് ബാവയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു. രാവിലെ ലബനന്‍ ആര്‍ച്ച് ബിഷപ് ഡാനിയേല്‍ ക്ളിമ്മിസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. യാക്കോബായ സഭ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ ഏബ്രാഹം മാര്‍ സേവേറിയോസ് , തോമസ് മാര്‍ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റമോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയ മെത്രാപോലീത്തമാര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

ഇന്ത്യന്‍ അംബാസഡര്‍ അനിതാ നായര്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സന്ദേശം വായിച്ചു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി അനൂപ് ജേക്കബ്, എംഎല്‍എമാരായ ടി.യു.കുരുവിള, ബെന്നി ബഹനാന്‍ എന്നിവരും മുന്‍ എംഎല്‍എ സാജു പോള്‍, ഡോ.ബാബു പോള്‍ തുടങ്ങിയവരും ബെയ്റൂട്ടിലത്തി ബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

ലെബാനോനിലെ മോര്‍ എഫ്രേം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സുന്നഹദോസ് നിശ്ചയിച്ച പ്രകാരം സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ 123 -ാമത് പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കുന്നതിനുള്ള അടുത്ത എപ്പിസ്കോപ്പല്‍ സുന്നഹദോസ് മാര്‍ച്ച് 31 ന് . സുറിയാനി സഭയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 33 പ്രകാരമാണ് തീരുമാനങ്ങള്‍.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം