ഷിക്കാഗോ സാഹിത്യവേദി ഏപ്രില്‍ നാലിന്; കെ. രാധാകൃഷ്ണന്‍ നായര്‍ പ്രബന്ധം അവതരിപ്പിക്കുന്നു
Thursday, March 27, 2014 5:29 AM IST
ഷിക്കാഗോ: ജീവിതത്തിന് ഒരു ഭാവനയെന്നപോലെ സാംസ്കാരിക സാഫല്യത്തിന് ഒരു നദിവേണം. മലയാളിക്ക് നിള (ഭാരതപ്പുഴ) വെറുമൊരു പുഴയല്ല. പറഞ്ഞാലും പാടിയാലും തീരാത്ത ആയിരമായിരം കഥകളും പുരാവൃത്തങ്ങളും ചരിത്രങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നു.

മലയാളത്തിന്റെ അമ്മയായ ഈ പുഴയുടേയും അച്ഛനായ തുഞ്ചത്തെഴുത്തച്ഛന്റേയും നാട്ടില്‍, വേദം കേള്‍ക്കുന്ന ശുദ്രചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുന്ന സവര്‍ണശാസനകള്‍ നാടുഭരിക്കുന്ന കാലത്ത്, പച്ച മലയാളത്തില്‍ കഴിതയെഴുതിയ ചക്കാല നായരോട് ഉപദേശമാരാഞ്ഞ സംസ്കൃത പണ്ഡിതനോട് മീന്‍ തൊട്ടുകൂട്ടിക്കൊള്ളാന്‍ പറഞ്ഞതു മുതല്‍, മനുഷ്യസ്നേഹത്തെ വളര്‍ത്തുന്ന എല്ലാറ്റിനേയും പൂജിക്കാനും അല്ലാത്തതിനെയൊക്കെ തിരസ്കരിക്കാനും വലിപ്പം കാണിച്ച ഒരു സംസ്കാരമാണിവിടെ. തുഞ്ചന്റെ ചിന്തയില്‍ നിന്നും കുഞ്ചന്റെ ചിരിയില്‍ നിന്നും പിറന്ന സമചിത്തതയാര്‍ന്ന ഒരു മനുഷ്യദര്‍ശനമാണിവിടെ. മനുഷ്യസ്നേഹത്തേയും, ദുഷ്പ്രഭുത്വത്തിന്‍ അനാചാരങ്ങളേയും കാരുണ്യത്തേയും പറ്റി വിരല്‍കൊണ്െടണ്ണാന്‍ സാധിക്കാത്ത എത്രയോ സാഹിത്യകാരന്മാര്‍. ഒരു ബ്രാഹ്മണബാലന്‍ ചുവന്ന കൊടിപിടിച്ച് ഈ നദീതീരത്ത് പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ പാടിയിട്ടുണ്ട്.

ഈ മലയാളസംസ്കൃത സാഹിത്യ സംസ്കാരങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ള ഒരു അറബി മലയാള സാഹിത്യ സംസ്കാരവും നിളാനദിയുടെ സംഭാവനയായി നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി പടികയറിയ കേരളത്തിലെ പേരുകേട്ട ദിനപത്രവും അതിന്റെ സ്ഥാപകനും പത്രാധിപരും ആറുമാസം പ്രായമുള്ള കുട്ടിയെ ഒക്കത്തുവച്ച് ബിട്ടീഷ് ഭരണത്തിനെതിരായി ജയിലില്‍ പോയ ഒരമ്മയും പട്ടാളഭടനായി യുദ്ധത്തിലിറങ്ങിയ മറ്റൊരു വനിതയും നാലു തലമുറകളോളം ഇന്ത്യയിലെ നയതന്ത്രത്തില്‍ പങ്കെടുത്ത ഒരു കുടുംബവും ഈ കാറ്റില്‍ വളര്‍ന്നുവന്നവരാണ്.

അങ്ങനെ എഴുത്തുകാരുടെ കൃഷി സ്ഥലവും കാലാകാരന്മാരുടെ കൂത്തമ്പലങ്ങളും ബ്രിട്ടീഷുകാര്‍ക്കുനേരേ പുറപ്പെട്ട സ്വാതന്ത്യ്രഭടന്മാര്‍ ജനിച്ച തറവാടുകളും നില്‍ക്കുന്ന പന്തിരുകുലത്തിന്റെ കര്‍മ്മഭൂമിയായ ഈ നിളാ തീരത്തെ പറ്റി ഒരു പ്രബന്ധം ഏപ്രില്‍ നാലിന് ഷിക്കാഗോ സാഹിത്യവേദിയില്‍ കെ. രാധാകൃഷ്ണന്‍ നായര്‍ അവതരിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1 847 634 9529, 1 847 340 8678 (സെല്‍).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം