എന്‍ആര്‍ഐ ഓഫ് ദി ഇയര്‍ അവാര്‍ഡ് കെ. മുരളീധരന്
Thursday, March 27, 2014 5:27 AM IST
അബുദാബി: ഐസിഐസിഐ ബാങ്കും, ടൈംസ് ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എന്‍ആര്‍ഐ ഓഫ് ദി ഇയര്‍ അവാര്‍ഡ് യുഎഇയിലെ പ്രമുഖ വ്യവസായിയും കൊല്ലം സ്വദേശിയുമായ കെ. മുരളീധരന്.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്സി ഗ്രൂപ്പിന്റെ മേധാവിയായ മുരളീധരന്‍, ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള നിരവധി ഹോട്ടല്‍, ഹോസ്പിറ്റല്‍, റസ്ററന്റ് ശൃംഖലകളുടെ തലവനാണ്.

ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഗള്‍ഫിലെ പ്രമുഖരായ ഇന്ത്യാക്കാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച കൊല്ലം ഏരൂര്‍ അഞ്ചല്‍ സ്വദേശിയായ ഇദ്ദേഹം, കേരളത്തിലെ നിരവധി ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ അമരക്കാരനാണ്.

തിരുവനന്തപുരം ആസ്ഥാനമായുള്ള മുരളിയ ഫൌണ്േടഷന്‍ അദ്ദേഹം 10 വര്‍ഷം മുമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ചതാണ്. പത്തനാപുരത്തുള്ള ഗാന്ധിഭവന്റെയും കൊട്ടാരക്കര കലയപുരം കേന്ദ്രീകരിച്ചുള്ള സങ്കേതത്തിന്റെയും കൊല്ലം ശ്രീനാരായണ വനിതാ സമിതിയുടെയും മുഖ്യ രക്ഷാധികാരിയാണ്.

തൃശൂരിലെ വിദ്യ ചാരിറ്റബിള്‍ ട്രസ്റ്, മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൌണ്േടഷന്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് മുംബൈ ട്രിഡന്റ് ഒബ്റോയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലചിത്ര നടന്‍ കൂടിയായ അനൂപം ഖേര്‍ അവാര്‍ഡും ഫലകവും അദ്ദേഹത്തിന് സമ്മാനിച്ചു. കേന്ദ്ര മന്ത്രി വയലാര്‍ രവി, അമിതാഭ് ബച്ചന്‍, ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ടൈസ് ഗ്രൂപ്പ് സിഇഒ അവിനാഷ് കൌള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള