ക്ഷയരോഗ നിര്‍മാര്‍ജനം ഊര്‍ജിതമാകണം: സന്ദീപ് ജി. നായര്‍
Thursday, March 27, 2014 5:26 AM IST
ദോഹ: ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍ ഊര്‍ജിതമാക്കണമെന്നും വൈദ്യ ശാസ്ത്ര രംഗത്തുള്ളവരും സാമൂഹ്യ പ്രവര്‍ത്തകരും കൈകോര്‍ക്കുന്ന സന്നദ്ധ കൂട്ടായ്മക്ക് ഈ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ദീപ് ജി. നായര്‍ അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, മീഡിയ പ്ളസ്, ആന്റി സ്മോക്കിംഗ് സൊസൈറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ശാസ്ത്ര സാങ്കേതിക മേഖലകളിലും വൈദ്യ ശാസ്ത്ര ചികില്‍സാ രംഗത്തും വിസ്മയകരമായ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും എല്ലാവര്‍ക്കും ആരോഗ്യം എന്ന മഹത്തായ ലക്ഷ്യത്തിന് മുന്നില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യേണ്ടത് ആരോഗ്യ പ്രവര്‍ത്തകരുടെ മാത്രമല്ല സമൂഹത്തിന്റെ പൊതുവായ ബാധ്യതയാണ്. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യ തലത്തിലുമൊക്കെയുള്ള പ്രതിരോധ ബോധവത്കരണ ചികില്‍സാ പദ്ധതികളോടൊപ്പം ഓരോരുത്തരും അണിചേര്‍ന്ന് ഈ വിപത്തിനെ നിര്‍മാര്‍ജനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ക്ഷയരോഗാണുവിനെ കണ്െടത്തിയിട്ട് 132 വര്‍ഷം തികയുമ്പോഴും മനുഷ്യരാശിയെ അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമായി ഇത് നിലനില്‍ക്കുകയാണ്. പ്രതിവര്‍ഷം ക്ഷയരോഗം മൂലം 15 ലക്ഷത്തോളം പേരാണ് മരണമടയുന്നത്. നേരത്തെ കണ്ടു പിടിക്കാനായാല്‍ ക്ഷയം ചികിത്സിച്ച് മാറ്റാവുന്നതേ ഉള്ളൂ. പകരുന്ന രോഗമായതിനാല്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും പ്രതിരോധ, ചികില്‍സാ ബോധവത്കരണ രംഗങ്ങളിലൊക്കെ കാര്യക്ഷമമായ കൂട്ടായ്മകളും പരിപാടികളും അനിവാര്യമാണെന്നാണ് ഈ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷയരോഗവും ചികില്‍സയും ഓരോ രാജ്യത്തിനും വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. മിക്കവാറും ദരിദ്രരാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലുമാണ് ഇത്തരം മരണങ്ങള്‍ കൂടുതലായും നടക്കുന്നത്. ലോകത്ത് ഏറ്റവും അധികം ക്ഷയരോഗികളുളള ഇന്ത്യയില്‍ നടപ്പാക്കിയ റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍കുലോസിസ് കണ്‍ട്രോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയാണെങ്കിലും ഇനിയും ബഹുദൂരം മുന്നോട്ടുപോവേണ്ടതുണ്ട്. പ്രതിമാസം ഒരു ലക്ഷത്തോളം പേരാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. ക്ഷയരോഗം മൂലം ജനങ്ങള്‍ മരിക്കുന്നത് ഒഴിവാക്കുക. രോഗനിര്‍ണയം, ചികില്‍സ പരിചരണം എന്നിവ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നിവയാണ് ലോക ക്ഷയരോഗദിനത്തിന്റെ മുഖ്യ അജണ്ട, അദ്ദേഹം വിശദീകരിച്ചു

ഓരോ വര്‍ഷവും 90 ലക്ഷത്തോളം പേരാണ് ലോകാടിസ്ഥാനത്തില്‍ ക്ഷയരോഗത്തിന് വിധേയരാകുന്നത് ഇതില്‍ 30 ലക്ഷത്തോളം പേര്‍ക്കും ആവശ്യമായ ചികില്‍സയോ പരിചരണമോ ലഭിക്കുന്നില്ല എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇങ്ങനെ ചികില്‍സയും പരിചരണവും നഷ്ടപ്പെടുന്ന 30 ലക്ഷം എന്നതാണ് ഈ വര്‍ഷത്തെ ലോകക്ഷയരോഗ ദിന പ്രമേയമായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്. ഈ 30 ലക്ഷത്തില്‍ അധികം പേരും മൂന്നാം ലോക രാജ്യങ്ങളിലെ പാവപ്പെട്ടവരാണ് എന്നതിനാല്‍ അവരെ കണ്െടത്തി പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഗുണഭോക്താക്കളാക്കുക എന്ന സുപ്രധാനമായ സന്ദേശമാണ് ഈ ദിനം ഉയര്‍ത്തിപ്പിടിക്കുന്നത്.

ട്യൂബര്‍ക്കിള്‍ ബാസിലസ് (ടിബി) എന്ന രോഗാണുക്കളാണ് ക്ഷയരോഗത്തെയുണ്ടാക്കുന്നത്. വായുവില്‍ കൂടിയാണ് രോഗാണുക്കള്‍ പകരുന്നത്. ശ്വാസകോശത്തിലൂടെയാണ് അവ ശരീരത്തില്‍ പ്രവേശിക്കുന്നത്. തടയാനും ചികിത്സിച്ച് ഭേദമാക്കനും കഴിയുന്ന പകര്‍ച്ച രോഗമാണ് ട്യൂബര്‍കുലോസിസ് എന്ന ക്ഷയം. രോഗമുള്ള അധികമാളുകളും രോഗാവസ്ഥയെക്കുറിച്ച് അറിയുന്നില്ല എന്നതാണ് ഗുരതരം. പലപ്പോഴും രോഗനിര്‍ണയം വൈകുന്നത് ചികില്‍സ പ്രയാസകരമാക്കും. അതിനാല്‍ ക്ഷയരോഗത്തെ സംബന്ധിച്ച ശക്തമായ ബോധവത്കരണത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

രോഗം പകരുന്നതിനാല്‍ രോഗികളുമായി സമ്പര്‍ക്കം കുറയ്ക്കുക, രോഗിക്ക് പരിപൂര്‍ണ വിശ്രമം നല്‍കുക, സൂര്യപ്രകാശവും ശുദ്ധവായുവും പ്രവേശിക്കുന്ന മുറിയില്‍ കിടത്തുക, കുഞ്ഞുങ്ങള്‍ക്ക് ബിസിജി കുത്തിവയ്പ് നല്‍കുക, ശരീരം ക്ഷീണിക്കാതിരിക്കാന്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, രോഗിക്ക് തുപ്പാന്‍ അടപ്പുള്ള പാത്രം നല്‍കണം, രോഗി ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗശേഷം കത്തിച്ചു കളയുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യം അമൂല്യമാണ്. അതിന്റെ അവിരാമത ആഗ്രഹിക്കുന്നവരൊക്കെ അനാരോഗ്യകരമായ എല്ലാ ശീലങ്ങളും ഒഴിവാക്കുകയും സാമൂഹികവും ആരോഗ്യപരവും പാരിസ്തികവുമായ സാഹചര്യങ്ങളെ ശ്രദ്ധയോടെ സമീപിക്കുകയും വേണം. സാമൂഹ്യ കൂട്ടായ്മയും ബോധവത്കരണ സംരംഭങ്ങളും കൂടുതല്‍ പ്രസക്തമാകുന്ന ഇത്തരം ദിനങ്ങളെ എങ്ങനെ സജീവമാക്കാമെന്ന ആലോചനകളാണ് സന്ദര്‍ഭം ആവശ്യപ്പെടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡന്റ് കരീം അബ്ദുള്ള പറഞ്ഞു.

സ്കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൌണ്േടഷന്‍ ജനറല്‍ മാനേജര്‍ കെ.വി. അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. ഹാദിയ സക്കരിയ ഗാനമാലപിച്ചു. മീഡിയപ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.