ഇര്‍വിംഗ് സെന്റ് ജോര്‍ജ് യൂത്ത് മൂവ്മെന്റ് മൂവി ഡേ സംഘടിപ്പിച്ചു
Wednesday, March 26, 2014 8:20 AM IST
ഇര്‍വിംഗ് (ഡാളസ്): ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ പൂര്‍ണമായി ചിത്രീകരിച്ചിട്ടുള്ള 'സണ്‍ ഓഫ് ഗോഡ്' സിനിമ സെന്റ് ജോര്‍ജ് ഇടവകാംഗങ്ങള്‍ക്ക് ദര്‍ശന ഭാഗ്യമുണ്ടായി. സഭയുടെ വലിയ നോമ്പ് ആചരണത്തോട് അനുബന്ധിച്ച് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് മൂവി ഡേ സംഘടിപ്പിച്ചത്.

അമേരിക്കയില്‍ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുന്ന 'സണ്‍ ഓഫ് ഗോഡ്' സിനിമ ഇര്‍വിംഗിലുള്ള എഎംസി തീയേറ്ററിലാണ് പ്രദര്‍ശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ഇടവകാംഗങ്ങള്‍ക്കായി പ്രത്യേകം പ്രദര്‍ശിപ്പിച്ച ഷോയില്‍ പള്ളിയിലെ 130 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു.

വലിയ നോമ്പിന്റെ ഈ വേളയില്‍ കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും ഒന്നിച്ചിരുന്നു യേശു ക്രിസ്തുവിന്റെ ജീവിത ചരിത്രം ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ഈ സിനിമ കാണാന്‍ സാധിച്ചത് ഒരു പ്രത്യേക അനുഭവമായിരുന്നെന്ന് പള്ളി വികാരി റവ. ഫാ. തമ്പാന്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.

ഏകദേശം ഒരു ദശാബ്ദത്തിനുശേഷമാണ് യേശു ക്രിസ്തുവിന്റെ മനുഷ്യവതാരത്തെ മുഴുവനായി ചിത്രികരിച്ചുകൊണ്ട് ഒരു ചലച്ചിത്രം വരുന്നത്. വളരെ പ്രതീക്ഷ നല്‍കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മാര്‍ക്ക് ബര്‍ണെറ്റ്, റോമാ ഡൌണി ദമ്പതികളാണ്. ഒരു ആഴ്ചക്കുള്ളില്‍ത്തന്നെ അഞ്ചു ലക്ഷത്തിലധികം ടിക്കറ്റുകള്‍ പള്ളികളും മറ്റു ക്രിസ്ത്യന്‍ സംഘസനകളും ചേര്‍ന്ന് മുന്‍കൂറായി വാങ്ങിയിട്ടുണ്െടന്ന് കോപ്രൊഡ്യൂസര്‍ മാര്‍ക്ക് ബര്‍ണെറ്റ് അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍