മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് ഒമാനില്‍ ഒരു ദേവാലയം കൂടി
Wednesday, March 26, 2014 5:02 AM IST
മസ്ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു കീഴില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഗാല എന്ന പേരില്‍ ഒരു ദേവാലയം കൂടി മസ്ക്കറ്റിലെ ഗാല കേന്ദ്രമായി ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവിലുള്ള പിസിഒ ഹാളിലാണ് തിരുക്കര്‍മങ്ങള്‍ നടക്കുക.

ഒമാനില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമാകുന്ന പ്രഥമ ദേവാലയം കൂടിയാണിത്. നിലവില്‍ റൂവി, സലാല, സോഹാര്‍ എന്നിവിടങ്ങളിലാണ് സഭയ്ക്ക് ആരാധനാ സൌകര്യങ്ങള്‍ ഉള്ളത്. ഏപ്രില്‍ രണ്ടിന് (ബുധന്‍) വൈകിട്ട് 6.30 ന് മാതൃ ഇടവകയായ മസ്ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് മഹാ ഇടവകയില്‍നിന്നും കൊണ്ടുവരുന്ന ദീപശിഖക്ക് ഗാല പള്ളിയങ്കണത്തില്‍ സ്വീകരണവും തുടര്‍ന്ന് ഇടുക്കി ദഭ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വി. കുര്‍ബാന മധ്യേ പുതിയ ഇടവകയുടെ പ്രഖ്യാപനവും തുടര്‍ന്ന് പ്രവര്‍ത്തനോദ്ഘാടനവും നടത്തും.

എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഏഴിനും ശനിയാഴ്ചകളില്‍ രാവിലെ 6.30 നും വി. കുര്‍ബാന ഉണ്ടായിരിക്കും. മാസത്തിലെ ആദ്യ ബുധനാഴ്ച പരി. ദൈവമാതാവിന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥപ്രാര്‍ഥനയും ഉണ്ടായിരിക്കും. ശനിയാഴ്ചകളില്‍ ആരാധനക്കുശേഷം സണ്‍ഡേസ്കൂളും മറ്റ് ആധ്യാത്മീക സംഘടനകളുടെ യോഗങ്ങളും നടക്കും.

ഭദ്രാസന മെത്രാപോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യുലിയോസ് തിരുമേനിയുടെ കല്‍പ്പനയും മാര്‍ഗനിര്‍ദേശ പ്രകാരവും റവ. ഫാ. ജോജി ജോര്‍ജ് (വികാരി), റവ. ഫാ. ബിനു ജോണ്‍ തോമസ് (അസോ. വികാരി), ട്രസ്റി പി.സി. ചെറിയാന്‍, സെക്രട്ടറി കെ.സി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ താത്കാലിക കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.

ഈ വര്‍ഷത്തെ ഹാശാആഴ്ച ശുശ്രൂഷകള്‍ ഗാല പള്ളിയങ്കണത്തില്‍ ക്രമീകരിക്കുന്ന പ്രത്യേക പന്തലില്‍ ഏപ്രില്‍ 12 ന് (ശനി) വൈകിട്ട് ഏഴിന് ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും.

വിശദ വിവരങ്ങള്‍ക്ക്: മൊബൈല്‍: 99453470, 99454377, 99877072, 99460645.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം