സ്റാറ്റന്‍ഐലന്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ പാത്രിയര്‍ക്കീസ് ബാവാ അനുസ്മരണം നടന്നു
Wednesday, March 26, 2014 4:15 AM IST
ന്യൂയോര്‍ക്ക്: കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഈവാന്‍ ഒന്നാമന്‍ ബാവായുടെ പുണ്യസ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സ്റാറ്റന്‍ഐലന്റ് സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ അനുസ്മരണം നടന്നു. മാര്‍ച്ച് 23-ന് ഞായറാഴ്ച നടന്ന വിശുദ്ധ ആരാധനയ്ക്കും ശുശ്രൂഷകള്‍ക്കും ഇടവകയുടെ മുന്‍വികാരിയും ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മണര്‍കാട് വിശുദ്ധ മാര്‍ത്തമറിയം കത്തീഡ്രല്‍ വികാരിയുമായ വെരി. റവ. കുര്യാക്കോസ് ഏബ്രഹാം കറുകയില്‍ കോര്‍എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക ധൂപപ്രാര്‍ത്ഥനയും അനുസ്മരണ ശുശ്രൂഷയും നടന്നു. വന്ദ്യ കുര്യാക്കോസ് കറുകയില്‍ കോര്‍എപ്പിസ്കോപ്പ, റവ.ഫാ. ഫൌസ്റീനോ ക്വിന്റാനില്ല എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നത ബിരുദധാരിയും പണ്ഡിതശ്രേഷ്ഠനുമായിരുന്ന പാത്രിയര്‍ക്കീസ് ബാവയുടെ അമേരിക്കയിലെ വിദ്യാഭ്യാസ കാലഘട്ടങ്ങളും എക്യൂമെനിക്കല്‍ രംഗത്തെ നിസ്തുല സംഭാവനകളും സഹ വികാരി റവ.ഫാ. ഫൌസ്റീനോ ക്വിന്റാനില്ല തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. ഇടവക സെക്രട്ടറി ബിജു ചെറിയാന്‍ നന്ദി പറഞ്ഞു.

ആത്മീയ പിതാവായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ വേര്‍പാടില്‍ മലങ്കര ആര്‍ച്ച് ഡയോസിസ് 40 ദിവസം ദുഖാചരണം ഏര്‍പ്പെടുത്തിയതായി ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത കല്‍പ്പനയിലൂടെ അറിയിച്ചിട്ടുണ്െടന്ന് ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍ അറിയിച്ചു. കബറടക്ക ശുശ്രൂഷയില്‍ പങ്കുചേരാന്‍ അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് ഭദ്രാസനാധിപന്‍മാര്‍ ബെയ്റൂട്ടിലേക്ക് യാത്രതിരിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം