ഇ-ടോയ്ലെറ്റ്: ഇറാം ഗ്രൂപ്പിന് അന്താരാഷ്ട്ര അംഗീകാരം
Tuesday, March 25, 2014 6:55 AM IST
റിയാദ്: ഇന്ത്യയിലെ ശുചീകരണ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ ആദ്യത്തെ ഇ-ടോയ്ലെറ്റ് നിര്‍മാതാക്കളായ ഇറാം സയന്റിഫിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അന്താരാഷ്ട്ര അംഗീകാരം.

ബില്‍ ഗേറ്റ്സ് ആന്‍ഡ് മെലിന്‍ഡ് ഗേറ്റ്സ് ഫൌണ്േടഷന്റെ സഹായത്തോടെ കേന്ദ്ര ബയോടെക്നോളജി വകുപ്പും ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റന്റ് കൌണ്‍സിലും ഏര്‍പ്പെടുത്തിയ 'ആര്‍ടിടിസി ഇന്ത്യ' യുടെ പുരസ്കാരത്തിനും 2 കോടി രൂപയുടെ ഗ്രാന്റിനുമാണ് ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഇറാം സയന്റിഫിക് സൊലൂഷന്‍സ് അര്‍ഹരായത്. ന്യൂഡല്‍ഹിയില്‍ നടന്ന നവീകരിച്ച ശൌചാലയങ്ങളുടെ അന്താരാഷ്ട്ര മേളയിലാണ് ഇറാം ഉള്‍പ്പെടെ ആറ് കമ്പനികള്‍ക്ക് പുരസ്കാരം ലഭിച്ചത്. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് മാര്‍ച്ച് 22 ന് നടന്ന ചടങ്ങില്‍ കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി പ്രഫ. കെ. വിജയരാഘവനില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി.

സാധാരണ വീടുകള്‍ക്കും സ്കൂളുകള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധം ചെലവു കുറഞ്ഞതും സ്വയം പര്യാപ്തവുമായ ഇലക്ട്രോണിക് ടോയ്ലെറ്റുകള്‍ നിര്‍മിക്കാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഗ്രാന്‍ഡ് ലഭിച്ചിരിക്കുന്നത്. ഇതിനായി മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും ജലവും ഊര്‍ജവും വളവും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന അമേരിക്കയിലെ സൌത്ത് ഫ്ളോറിഡ സര്‍വകലാശാല വികസിപ്പിച്ചെടുത്ത ന്യൂ ജനറേഷന്‍ സംവിധാനവും ഇറാം സയന്റിഫിക് സൊലൂഷന്‍സ് പ്രയോജനപ്പെടുത്തുമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

2012 ല്‍ ബില്‍ഗേറ്റ്സ് മിലിന്‍ഡ ഫൌണ്േടഷനില്‍ നിന്നും ലഭിച്ച മൂന്നു കോടി രൂപയുടെ ഗ്രാന്‍ഡ് പ്രയോജനപ്പെടുത്തി ഇറാം ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത സ്വയം വൃത്തിയാക്കുന്ന ടോയ്ലെറ്റ് ഫ്ളോര്‍, അന്തരീക്ഷ ഊഷ്മാവില്‍ നിന്നും ജലമുല്‍പ്പാദിപ്പിക്കുന്ന അറ്റ്മോസ്ഫെറിക് വാട്ടര്‍ ജനറേറ്റര്‍, ടോയ്ലെറ്റ് സീറ്റ്കവര്‍ സ്റ്റെറിലൈസേഷന്‍, സെന്‍സര്‍ ഉപയോഗിച്ചുള്ള ജല നിയന്ത്രണം തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഡല്‍ഹി താജ് പാലസില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെ നടന്ന അന്താരാഷ്ട്ര ടോയ്ലെറ്റ് ചാലഞ്ച് മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എയര്‍കണ്ടീഷനിംഗും വാക്വം ഫ്ളഷിംഗുമെല്ലാം അടങ്ങിയ ഇറാം സയന്റിഫിക് സൊലൂഷന്‍സ് വികിസിപ്പിച്ചെടുത്ത ഇംപീരിയല്‍ ഇ-ടോയ്ലെറ്റ് മേളയിലെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍