ഫോമാ ക്യാപിറ്റല്‍ റീജിയന്‍ ദേശീയ സമ്മേളന കിക്കോഫ് വാഷിംഗ്ടണില്‍
Tuesday, March 25, 2014 5:04 AM IST
വാഷിംഗ്ടണ്‍ ഡി.സി: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ സമ്മേളനം ഒരു ചരിത്ര സംഭവമാക്കുവാന്‍ പ്രതിജ്ഞാബദ്ധരായ ഈ ഭൂവിഭാഗത്തെ മലയാളി സമൂഹം തയാറെടുപ്പിന്റെ അന്ത്യഘട്ടത്തിലേക്ക്. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ചെറുപ്പിലിന്റെ ശക്തമായ നേതൃത്വത്തില്‍ ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജോസ് തോമസ്, ജോയിന്റ് കണ്‍വീനര്‍ രാജ് കുറുപ്പ്, ദേശീയ ഭരണസമിതി അംഗങ്ങളായ ഷാജി ജോര്‍ജ് പടിയാനിക്കല്‍, നാരായണന്‍കുട്ടി മേനോന്‍, കഴിഞ്ഞ ഭരണസമിതിയിലെ മുഖ്യ കാര്യദര്‍ശിയായിരുന്ന ബിനോയ് തോമസ്, ഫോമയുടെ ശില്‍പികളില്‍ മുഖ്യനും വരും വര്‍ഷങ്ങളിലെ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ വിന്‍സണ്‍ പാലത്തിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു നിരതന്നെ അക്ഷീണ പരിശ്രമത്തിലാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജോര്‍ജ് ചെറുപ്പില്‍ അറിയിച്ചു.

സമ്മേളനത്തില്‍ ഫോമയുടെ വലിയ ഒരു നേതൃത്വനിര തന്നെ സന്നിഹിതരാകും. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു ഭദ്രദീപം തെളിയിക്കുന്നതോടെ ആഘോഷപരിപടികള്‍ക്ക് തുടക്കമാകും. ദേശീയ നേതാക്കളായ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ സജീവ് വേലായുധന്‍, ജോയിന്റ് സെക്രട്ടറി റീനി പൌലോസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, എന്നിവരുടെ വസ്തുനിഷ്ഠമായ വിശദീകരണങ്ങള്‍ക്കുശേഷം സുപ്രധാനമായ ഒരു ചടങ്ങിന് വേദി സാക്ഷിയാകും. ഗ്രാന്റ് കാനിയന്‍ സര്‍വ്വകലാശാലയുമായി സഹകരിച്ച് ആതുരസേവന രംഗത്തെ നമ്മുടെ സഹോദരിമാര്‍ക്ക് ബിരുദം നേടിക്കൊടുത്ത പദ്ധതി. ആയിരത്തിലേറെ മലയാളി നേഴ്സുമാര്‍ ഈ പദ്ധതിയുടെ സേവനം ഇതിനോടകം ഉപയോഗപ്പെടുത്തി.

ഈ സൌഹൃദ-സുഹൃദ് സമ്മേളനം വര്‍ണ്ണശബളമാക്കുവാന്‍ തെരഞ്ഞെടുത്ത കലാപരിപാടികള്‍ വേദിക്ക് അകമ്പടിയേകും. ഫിലാഡല്‍ഫിയയിലെ പ്രശസ്തരായ സ്പൈസ് ഗാര്‍ഡന്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ അത്താഴ വിരുന്നോടുകൂടി ഈ സംഗമം പൂര്‍ത്തിയാകും. വലിയ ഒരു ജനത പങ്കെടുക്കുന്ന സംഗമത്തിന് മാര്‍ച്ച് 29-ന് വൈകുന്നേരം അഞ്ചിന് വാഷിംഗ്ടണ്‍ പോട്ടോമാക്ക് 11315 ഫാള്‍സ് റോഡിലെ വേദി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം