വൈദീക ചൈതന്യമുള്‍ക്കൊണ്ട് അമേരിക്കന്‍ അതിഭദ്രാസന വൈദീക ധ്യാനയോഗം
Monday, March 24, 2014 8:17 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീകധ്യാനയോഗം മാര്‍ച്ച് 13 മുതല്‍ 15 വരെ ടാമ്പ മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഇടവക മെത്രാപോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ നടന്നു.

വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ച് തികച്ചും ആത്മീയ അന്തരീക്ഷത്തില്‍ നടന്ന ഈ ധ്യാനയോഗത്തില്‍ കാനഡയിലേയും അമേരിക്കയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി കോര്‍ എപ്പിസ്ക്കോപ്പാമാര്‍, വൈദീകര്‍, ശെമ്മാശന്മാര്‍ എന്നിങ്ങനെയായി അമ്പതില്‍പരം പേര്‍ സംബന്ധിച്ചു. ഈ ത്രിദിന ധ്യാന യോഗത്തില്‍ സംബന്ധിച്ച ഏവര്‍ക്കും ദൈവിക കൃപയാല്‍ നിറയപ്പെട്ട ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ഇതൊരവസരമായി മാറി.

വൈദീക സെക്രട്ടറി വെരി റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്ക്കോപ്പായുടെ ആമുഖ പ്രസംഗത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. റവ.ഫാ. ജോര്‍ജ് ഏബ്രഹാം സ്വാഗതം ആശംസിച്ചു.

ദൈവീക പരിജ്ഞാനത്തിലൂടെ ഇടവകയെ നയിക്കുവാന്‍ കടപ്പെട്ടിരിക്കുന്നവരായ വൈദീകര്‍ തങ്ങളില്‍ നിഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം ക്രിസ്തുവില്‍ നിറവേറ്റി തികഞ്ഞ ജീവിത വിശുദ്ധിയില്‍ പ.സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍, നിഷ്ഠയോടെ അനുഷ്ഠിച്ച്, ഫലകരമായ സുവിശേഷവേലയിലൂടെ ക്രിസ്തുവിന്റെ നല്ലവനും വിശ്വസ്തനുമായ ഭടനായി തീരുവാന്‍ തിരുമേനി തന്റെ പ്രസംഗത്തിലൂടെ വൈദീകരെ ഓര്‍മിപ്പിച്ചു.

ക്രിസ്തുവിന്റെ വാസസ്ഥലമായ നമ്മുടെ ശരീരത്തെ, വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച്, ദൈവകൃപ നഷ്ടപെടാതെ, ദൈവസന്നിധിയില്‍ പൂര്‍ണമായി സമര്‍പ്പിച്ച്, വ്യക്തിജീവിതത്തിലും സഭാ ജീവിതത്തിലും നല്ല സാക്ഷ്യമുള്ളവരായിരിപ്പാന്‍ റവ.ഫാ. ആന്റണി തേക്കനാത്ത് വൈദീകരെ ഉദ്ബോധിപ്പിച്ചു. വൈദീകവൃത്തിയുടെ മഹാത്മത്തെ സംബന്ധിച്ച് വെരി റവ. ഏബ്രാഹാം തോമസ് വാഴയില്‍ കോര്‍ എപ്പിസ്ക്കോപ്പാ, തിരുവചനാടിസ്ഥാനത്തില്‍ ഓര്‍മിപ്പിച്ചു.

പ്രമുഖ മാര്യേജ് കൌണ്‍സിലറും മികച്ച വാഗ്മിയുമായ റവ.ഫാ. തോമസ് കുര്യന്‍ നടത്തിയ പ്രീ മാര്യേജ് കൌണ്‍സിലിംഗ് ക്ളാസ് ഏറെ വിജ്ഞാനപ്രദവും ആകര്‍ഷകവുമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വെരി റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പായുടെ നേതൃത്വത്തില്‍ നടത്തിയ ധ്യാനത്തിനുശേഷം വി. കുമ്പസാരവും നടന്നു.

ശനി രാവിലെ ഒമ്പതിന് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും കോര്‍ എപ്പിസ്ക്കോപ്പാമാരുടെ സഹകാര്‍മികത്വത്തിലും, വി. അഞ്ചിന്മേല്‍ കുര്‍ബാനയും നടന്നു.

പത്താമത് സ്ഥാനാരോഹണ വാര്‍ഷികമാഘോഷിക്കുന്ന ഇടവക മെത്രാപ്പോലീത്തായെ, വൈദീകരുടെ വകയായിട്ടുള്ള ഉപഹാരം നല്‍കി ആദരിച്ചു.

സ്നേഹവിരുന്നോടെ, ഈ വര്‍ഷത്തെ വൈദീക ധ്യാനം തികഞ്ഞ ആത്മീയ നിറവില്‍ സമാപിച്ചു. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍