ജനദ്രോഹഭരണം അവസാനിപ്പിക്കുവാന്‍ വിധിയെഴുതുക: നവോദയ
Monday, March 24, 2014 7:29 AM IST
ദമാം: രാജ്യത്തെ കര്‍ഷകരേയും സാധാരണക്കാരേയും ദുരിതത്തിലാക്കുന്ന കേന്ദ്ര ഭരണം അവസാനിപ്പിക്കുവാനും മത നിരപേക്ഷതക്കു വെല്ലുവിളിയാകുന്ന വര്‍ഗീയതയെ ചെറുക്കുവാനും പ്രവാസികളുടെ ദുരിതങ്ങള്‍ കാണുവാന്‍ ശ്രമിക്കാത്ത കേന്ദ്ര കേരള സര്‍ക്കാരിന് എതിരായി പ്രതികരിക്കുവാന്‍ മുഴുവന്‍ പ്രവാസി മലയാളികളോടും അവരുടെ കുടുംബങ്ങളോടും കിഴക്കന്‍ പ്രവിശ്യ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച ഇഎംഎസ്, എകെജി അനുസ്മരണ യോഗത്തില്‍ നവോദയ രക്ഷാധികാരി സമിതിയംഗം ബഷീര്‍ വരോട് ആവശ്യപ്പെട്ടു.

ഉദാരവത്കരണ നയങ്ങളുടെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും ഏക മനസുള്ളവരാണ് കോണ്‍ഗ്രസും ബിജെപിയും വര്‍ഗീയ വിഷലിപ്ത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ് ബിജെപി. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന കോണ്‍ഗ്രസും ഉയര്‍ത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ ജനാധിപത്യ മതേതരബദല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഇടതുപക്ഷം പരിശ്രമിക്കുന്നത്.

തട്ടിപ്പുകാര്‍ക്കും ചൂതാട്ടക്കാര്‍ക്കും വിഹരിക്കുവാന്‍ സ്വന്തം ഓഫീസ് നല്‍കിയ മുഖ്യന്‍, അഴിമതിയും കഴിവില്ലായ്മയും നിറഞ്ഞ മറ്റു മന്ത്രിമാരും കേരളത്തിനു ശാപമായിരിക്കുന്നു. പൊതുവിതരണം തകര്‍ത്തും ഇന്ധന വില അടിക്കടി വര്‍ധിപ്പിച്ചും ജനജീവിതം ദുസഹമാക്കിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷയില്ലതായി.സരിത,ശാലുമാര്‍ കേരളത്തെ സാംസ്കാരിക ജീര്‍ണതയിലേക്ക് നയിക്കുന്നു. പ്രവാസികള്‍ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നു പറയുകയും സ്വദേശിവത്കരണത്തിന്റെ ഭാഗമായി തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ഒരു പുനരധിവാസ പദ്ധതി നടപ്പാക്കുവാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നത് പ്രധിഷേധാര്‍ഹാമാണ്.ഇത്തരം കാര്യങ്ങള്‍ മനസിലാക്കി പ്രവാസികള്‍ ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായി പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ നവോദയ വൈസ് പ്രസിഡന്റ് പ്രസന്നന്‍ പന്തളം ഇഎംഎസ്, എകെജി അനുസ്മരണ പ്രഭാഷണം നടത്തി. പവനന്‍ മൂലക്കല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ ബഷീര്‍ വരോട്, പ്രദീപ് കൊട്ടിയം, നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ജോ.സെക്രട്ടറി സൈനുദ്ദീന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ സ്വാഗതവും മോഹനന്‍ വെള്ളിനേഴി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം