അറബ് ഉച്ചക്കോടി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, March 24, 2014 7:27 AM IST
കുവൈറ്റ് : നാളെയും മറ്റന്നാളുമായി നടക്കുന്ന അറബ് ഉച്ചക്കോടിക്ക് കുവൈറ്റ് ഒരുങ്ങി. അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ 25-ാമത് ഉച്ചക്കോടിക്കാണ് കുവൈറ്റ് ആതിഥ്യമരുളുന്നത്.

ഉച്ചകോടിയുടെ മുന്നോടിയായി അംഗ രാജ്യങ്ങളുടെ മന്ത്രിതല യോഗം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ആഫ്രോഅറബ് ഉച്ചക്കോടി, ജിസിസി ഉച്ചക്കോടി, സിറിയന്‍ സഹായ ഉച്ചക്കോടി എന്നിവയ്ക്കുശേഷമാണ് അറബ് ഉച്ചകോടിക്ക് കുവൈറ്റ് സാക്ഷിയാകുന്നത്. ഉച്ചകോടിയില്‍ കുവൈറ്റ് അമീര്‍ ഷെയ്ക് സബാഹ് അല്‍ ജാബിര്‍ അല്‍ സ്വബാഹ്, ഖത്തര്‍ അമീര്‍ ഷേഖ് തമീം ഹമദ് അല്‍ഥാനി എന്നിവരെ കൂടാതെ ലെബനോണ്‍, ഈജിപ്റ്റ്, യെമന്‍, പാലസ്തീന്‍, ടുണീഷ്യ, സോമാലിയ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരും പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് 2012 അറബ് കൂട്ടായ്മയില്‍ നിന്നും പുറത്താക്കിയ സിറിയന്‍ പ്രധിനിധ്യമില്ലാതെയാണ് അറബ് ഉച്ചക്കോടി സമ്മേളിക്കുന്നത്. മേഖലയില്‍ അടുത്തിടെ ഉരുത്തിരിഞ്ഞ സംഭവങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹം ഏറെ ഗൌരവത്തോടെയാണ് ഉച്ചകോടിയെ നീരിക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍