സംഗമം സോക്കര്‍ ടൂര്‍ണമെന്റിന് മാര്‍ച്ച് 28 ന് കിക്കോഫ്
Monday, March 24, 2014 7:24 AM IST
റിയാദ്: കോഴിക്കോട് തെക്കെപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 23-ാമത് ഫുട്ബോള്‍ ടൂര്‍ണമെന്റിന് മാര്‍ച്ച് 28 ന് വൈകുന്നേരം 6.30 ന് തുടക്കമാകും. ഡിപ്ളോമാറ്റിക് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാഡമി സ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുകയെന്ന് ബത്ഹയിലെ റിംഫ് പ്രസ് റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഗമം ഭാരവാഹികള്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേതില്‍ നിന്നും തീര്‍ത്തും വിഭിന്നമായി ഏറെ പുതുമകളോടെയായിരിക്കും ഈ വര്‍ഷം ടൂര്‍ണമെന്റ് നടക്കുകയെന്ന് സംഘാടകസമിതി അംഗങ്ങള്‍ പറഞ്ഞു. റിയാദിലെ പ്രവാസി ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും പഴക്കമേറിയതാണ് സംഗമം ഫുട്ബോള്‍ ടൂര്‍ണമെന്റ്.

ടൂര്‍ണമെന്റില്‍ കോഴിക്കോട് സിറ്റിയിലെ തെക്കേപ്പുറം പ്രദേശത്തുകാര്‍ക്ക് മാത്രമാണ് കളിക്കാന്‍ അവസരമുള്ളത്. എന്നാല്‍ കളിയുടെ നിലവാരത്തിലും കാണികളുടെ ബാഹുല്യം കൊണ്ടും മറ്റേതൊരു ടൂര്‍ണമെന്റും പോലെ സംഗമം ഫുട്ബോളും എല്ലാ വര്‍ഷവും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിനോടനുബന്ധിച്ച് സംഗമം സോക്കര്‍ ജൂണിയര്‍ എന്ന പേരില്‍ കുട്ടികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കും. കൂടാതെ ഉദ്ഘാടന ദിവസം കുട്ടികളുടെ മാര്‍ച്ച് പാസ്റും എല്ലാ ടീമംഗങ്ങളും അണിനിരക്കുന്ന വെല്‍ക്കം ഡ്രില്ലും മേളയുടെ ആകര്‍ഷണമായിരിക്കും.

കാണികള്‍ക്കായി ഭാഗ്യ സമ്മാനങ്ങളും പ്രവചന മത്സരങ്ങളും ഫുട്ബോള്‍ മേളയുടെ ഭാഗമായുണ്ടാകുമെന്നും പ്രസിഡന്റ് മുസ്തഫ എ.പി അറിയിച്ചു. മൊത്തം നാലു ടീമുകള്‍ മാറ്റുരയ്ക്കുന്ന മേളയില്‍ ആറു മത്സരങ്ങളുള്ള ലീഗ് റൌണ്ടിന് ശേഷം മേയ് ഒമ്പതിന് (വെള്ളി) ഫൈനല്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റുമാരായ ആദം ഒജീന്റകത്ത്, കെ. മൊയ്തീന്‍ കോയ, ജോ. സെക്രട്ടറി റംസി എം.എം, സ്പോര്‍ട്സ് കണ്‍വീനര്‍ നാസര്‍ ബറാമി, പബ്ളിസിറ്റി കണ്‍വീനര്‍ യാക്കൂബ് ടി.പി, അര്‍ഷുല്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍