യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി
Saturday, March 22, 2014 8:22 AM IST
ഷാര്‍ജ: യുവകലാസാഹിതി ഷാര്‍ജ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹാളില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ. സുനില്‍രാജ് അധ്യക്ഷത വഹിച്ച സമ്മേളനം യുവകലാസാഹിതി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കാഞ്ഞിരവിള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. പ്രശാന്ത് റിപ്പോര്‍ട്ടും ട്രഷറര്‍ അഡ്വ. സന്തോഷ് കണക്കും അവതരിപ്പിച്ചു. യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി. ശിവപ്രസാദ് രാഷ്ട്രീയസാമൂഹിക അവലോകനം നടത്തി. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളൂടെ തെരഞ്ഞെടുപ്പ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി അംഗം സത്യന്‍ മാറഞ്ചേരി, ദുബായ് യൂണിറ്റ് സെക്രട്ടറി ജലീല്‍ പാലോത്ത് തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

തുടര്‍ന്നു നടന്ന ചന്ദ്രപ്പന്‍ അനുസ്മരണത്തില്‍ യുവകലാസാഹിതിയുടെ മുതിര്‍ന്ന നേതാവ് പി.എം പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രപ്പന്റെ വിപ്ളവതീക്ഷ്ണവും ത്യാഗനിര്‍ഭരവും ആയ ജീവിതത്തെയും മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും പ്രഭാഷകര്‍ അനുസ്മരിച്ചു.

യോഗശേഷം യുവകലാസാഹിതി പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ ഗാനമേള നടന്നു. നിഷ, ബാസില്‍, സംഗീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ. സുനില്‍രാജ്