'പത്തു സെന്റും പതിനെട്ടര ബ്രോക്കര്‍മാരും' പ്രകാശനം ചെയ്തു
Saturday, March 22, 2014 8:21 AM IST
ദോഹ: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളും രജിസ്ട്രേഷന്‍ രംഗത്തെ അഴിമതികളും ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ് അല്‍ഫ വിഷന്റെ ബാനറലില്‍ ബാബു ഒലിപ്രം കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കി അല്‍ഫ ചെമ്മാട് അണിയിച്ചൊരുക്കിയ ഹാസ്യ ചിത്രം പത്തു സെന്റും പതിനെട്ടര ബ്രോക്കര്‍മാരും ദോഹയില്‍ പ്രകാശനം ചെയ്തു.

സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കെഎംസിസി സെക്രട്ടറിയും സ്റാര്‍ കാര്‍ ആക്സസറീസ് മാനേജിംഗ് ഡയറക്ടറുമായ നിഅ്മതുല്ല കോട്ടക്കലിന് ആദ്യ സിഡി നല്‍കി ഇന്ത്യന്‍ കമ്യൂണിറ്റി ബലവലന്റ് ഫോറം പ്രസിഡന്റ് കരീം അബ്ദുള്ളയാണ് സിഡി പ്രകാശനം ചെയ്തത്.

ഭൂമികച്ചവടത്തില്‍ ബ്രോക്കര്‍മാരുടെ ആധിക്യവും ചൂഷണങ്ങളും സാധാരണക്കാരന് ഒരു തുണ്ടു ഭൂമി വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഭൂമിയുടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നും സിഡി പ്രകാശനം ചെയ്ത് സംസാരിക്കവേ കരീം അബ്ദുള്ള പറഞ്ഞു. കൈക്കൂലിയും അഴിമതികളും വാഴുന്ന രജിസ്ട്രേഷന്‍ മേഖലയും പാവപ്പെട്ട ജനങ്ങളെ വലയ്ക്കുകയാണ്. ഈ രംഗത്ത് നടക്കുന്ന കൊളളരുതായ്മകള്‍ ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന സംരംഭം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും കൈകൂലിക്കാരായ ഉദ്യോഗസ്ഥരും സൃഷ്ടിക്കുന്ന ഭീകരമായ പ്രതിസന്ധിയാണ് പത്തു സെന്റും പതിനെട്ടര ബ്രോക്കര്‍മാരും എന്ന ചിത്രം വരച്ചുകാണിക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രശംസയര്‍ഹിക്കുന്നുവെന്നും സിഡിയുടെ ആദ്യ പ്രതി സ്വീകരിച്ച് പ്രസംഗിച്ച നിഅ്മതുള്ള കോട്ടയ്ക്കല്‍ പറഞ്ഞു.

ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ഗുഡ്വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൌഷാദ് അബ്ദു, അല്‍ സുവൈദ് ഗ്രൂപ്പ് പ്രോക്വര്‍മെന്റ് ഓഫീസര്‍ ഫൈസല്‍ അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രിവ്യൂവും നടന്നു. മീഡിയ പ്ളസാണ് ഈ ചിത്രം ഖത്തറിലെത്തിക്കുന്നത്.