ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക- സന്യസ്ത ധ്യാനം ജൂണ്‍ 16 മുതല്‍
Saturday, March 22, 2014 8:17 AM IST
ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയിലും ലാറ്റിന്‍ രൂപതകളിലും ശുശ്രൂഷ ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള വൈദീകര്‍ക്കും സന്യസ്തര്‍ക്കും ആത്മീയ ജീവിതത്തില്‍ ഉണര്‍വും അജപാലന ശുശ്രൂഷയില്‍ കൂടുതല്‍ തീക്ഷണതയും ലക്ഷ്യംവച്ചുകൊണ്ട് ഷിക്കാഗോ സെന്റ് തോമസ് രൂപതയില്‍ വൈദീക-സന്യസ്ത ധ്യാനം നടത്തപ്പെടുന്നു. രൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 16-ന് (തിങ്കള്‍) വൈകുന്നേരം മുതല്‍ 19-ന് (വ്യാഴം) ഉച്ചവരെയാണ് ധ്യാനം.

ബൈബിള്‍ പണ്ഡിതനും വാഗ്മിയും ഇടവക അജപാലന ശുശ്രൂഷയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റവ.ഡോ. മാണി പുതിയിടം ആണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ബൈബിള്‍ അധിഷ്ഠിതവും അജപാലന ശുശ്രൂഷയുടെ പ്രായോഗികതയിലേക്ക് പ്രാധാന്യം നല്‍കുന്നതുമായ അച്ചന്റെ പ്രഭാഷണങ്ങള്‍ അജപാലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തങ്ങളുടെ ശുശ്രൂഷ കാര്യക്ഷമമായി നടത്തുവാന്‍ സഹായകമാകുന്ന ആത്മീയ അനുഭവനത്തിന് കാരണമാകും.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ കേന്ദ്രത്തില്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണമെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം