നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ വിഷു ആഘോഷം ഏപ്രില്‍ 12-ന്
Saturday, March 22, 2014 3:20 AM IST
വാഷിംഗ്ടണ്‍ ഡിസി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ മലയാളികള്‍ വീണ്ടുമൊരു വിഷുവിനെ കാത്തിരിക്കുകയാണ്. അമേരിക്കന്‍ മലയാളികളും വളരെ വിപുലമായി വിഷു ആഘോഷിക്കാറുണ്ട് . വാഷിംഗ്ടണ്‍ ഡി സി യിലെ പ്രമുഖ മലയാളി സംഘടനയായ നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വിര്‍ജീനിയ സ്റ്റെര്‍ലിങ്ങില്‍ ഉള്ള പാര്‍ക്ക്വ്യൂ സ്കൂളില്‍ വിഷു ആഘോഷിക്കുന്നു. പ്രത്യേക വിഷുക്കണി, വിഷു കൈനീട്ടം തുടര്‍ന്ന് വിഷു സദ്യ എന്നിവ ഉണ്ടായിരിക്കും. ഉച്ച കഴിഞ്ഞ് സാംസ്കാരിക പരിപാടികള്‍ ആരംഭിക്കും. അക്കരകാഴ്ചകള്‍ എന്ന ടി വി സീരിയലിലൂടെ പ്രശസ്തനായ ഹരിദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ന്യൂജേഴ്സി തിരുവരങ്ങിന്റെ 'വിരാടം' എന്ന നാടകവും അരങ്ങേറും . കെഎച്ച്എന്‍എയുടെ ദേശിയ കണ്‍വെന്‍ഷനില്‍ അവതരിക്കപ്പെട്ടപ്പോള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ നാടകം മലയാളിയുടെ അഭിമാനം ആയ എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ്.

പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന വിഷു ദിനം പത്താം വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘടനയ്ക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നു എന്നും അതില്‍ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്നും പ്രസിഡന്റ് രതീഷ് നായരും സെക്രടറി അരുണ്‍ സുരേന്ദ്രനാഥും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം