അറബ് ലീഗ് ഉച്ചകോടി : മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
Friday, March 21, 2014 8:16 AM IST
കുവൈറ്റ്: അറബ് ലീഗ് ഉച്ചകോടിയുടെ മുന്നോടിയായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം കോര്‍ട്ട് യാര്‍ഡ് മാരിയറ്റ് ഹോട്ടലില്‍ കുവൈറ്റ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷേഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹും ഷേഖ് മുഹമ്മദ് അല്‍ സബാഹും അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബിയും കൂടി ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടന ശേഷം മൂവരും കൂടി പത്രപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. നിരക്ഷരതയും തൊഴില്ലാഴ്മയും നിര്‍മാജനം ചെയ്യുക, അറബ് മനുഷ്യാവകാശ കോടതി, അറബ് രാജ്യങ്ങളിലെ സുരക്ഷാ പ്രശങ്ങളെ നേരിടുവാനുള്ള പീസ് കൌണ്‍സില്‍ സജീവമാക്കല്‍, യുറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് ക്രൈസിസ് മാനേജ്മന്റ് സെന്റര്‍ രൂപവത്കരണം തുടങ്ങിയവ ഉച്ചകോടിയുടെ അജണ്ടയായിരിക്കും. ഉച്ചകോടിയുടെ അനുബന്ധമായി അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും വിദേശകാര്യ മന്ത്രിമാരുടെയും യോഗങ്ങള്‍ ശനിയാഴ്ചയും തിങ്കളാഴ്ചയുമായി നടക്കുമെന്ന് അറബ് ലീഗ് വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍