സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഏകദിന സെമിനാര്‍
Friday, March 21, 2014 8:13 AM IST
നാനുവെറ്റ് (ന്യൂയോര്‍ക്ക്) : ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന, നോര്‍ത്തേണ്‍ റീജിയന്‍ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഏകദിന സെമിനാര്‍ നാനുവെസ്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാര്‍ച്ച് 22 ന് (ശനി) ഇടവക മെത്രാപോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിധ്യത്തില്‍ നടക്കും.

അഭിവന്ദ്യ തിരുമേനി അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി വെരി റവ. വര്‍ഗീസ് മരുന്നിനാല്‍ കോര്‍ എപ്പിസ്ക്കോപ്പ സ്വാഗതമാശംസിക്കും.

'കുടുംബ ജീവിതത്തില്‍ മാതാവിന്റെ പങ്ക്' എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. പ്രശ്നങ്ങളാല്‍ സങ്കീര്‍ണമായിരിക്കുന്ന ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ യഥാര്‍ഥ ക്രൈസ്തവ കുടുംബജീവിതത്തിന്റെ പ്രസക്തിയെ കുറിച്ചും കുടുംബത്തില്‍ മാതാവിനുള്ള പങ്കാളിത്വത്തെ കുറിച്ചും തിരുവചനത്തിലൂടെ പ്രമൂഖ വാഗ്മിയും സെന്റ് മേരീസ് വിമന്‍സ് ലീഗ് വൈസ് പ്രസിഡന്റുമായ റവ. ഫാ. ഡോ. റോയ് വര്‍ഗീസ് മാനിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും.

വിഷയത്തെക്കുറിച്ചുള്ള വനിതകളുടെ കാഴ്ച്ചപ്പാട് സംബന്ധിച്ച് ബിബി മാത്യൂ (സെക്രട്ടറി, വിമണ്‍സ് ലീഗ്, സെന്റ് ജോര്‍ജ് ചര്‍ച്ച്) യോഗത്തില്‍ അവതരിപ്പിക്കും.

വെരി റവ. കുര്യാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്ക്കോപ്പ ധ്യാന പ്രസംഗം നടത്തും. സെന്റ് ജോര്‍ജ് ചര്‍ച്ച് വിമന്‍സ് ലീഗ് അംഗങ്ങള്‍ ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകും. വനിതാ സമാജത്തിന്റെ പ്രവര്‍ത്തന ലക്ഷ്യത്തെ കുറിച്ചും ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും നടത്തപ്പെടുന്ന ചര്‍ച്ചക്ക് മിസിസ് മിലന്‍ റോയ് (ജനറല്‍ സെക്രട്ടറി, വിമന്‍സ് ലീഗ്), സൂസന്‍ വര്‍ക്കി (ട്രഷറര്‍, വിമന്‍സ് ലീഗ്), സൂസമ്മ കുര്യാക്കോസ്, ഷാന ജോഷ്വാ (റീജിയണല്‍ സെക്രട്ടറിമാര്‍) എന്നിവര്‍ നേതൃത്വം നല്‍കും.

അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന ബൈബിള്‍ ക്വിസ് പരിപാടികളില്‍ വ്യത്യസ്ഥതയാര്‍ന്ന ഒരിനമായിരിക്കും.

വിവിധ ഇടവകകളില്‍ നിന്നായി നൂറിലധികം വനിതകള്‍ ഒത്തുകൂടുന്ന ഈ ആത്മീയ കൂട്ടായ്മ വന്‍ വിജയമാക്കി തീര്‍ക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി റീജിയണല്‍ സെക്രട്ടറിമാരായ സൂസമ്മ കുര്യാക്കോസ്, ഷാന ജോഷ്വാ എന്നിവര്‍ അറിയിച്ചു. ജോര്‍ജ് കറുത്തേടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍