പി.സി വിഷ്ണുനാഥ് എംഎല്‍എ റിയാദ് സന്ദര്‍ശനം റദ്ദാക്കി
Friday, March 21, 2014 8:09 AM IST
റിയാദ്: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ കര്‍ശന വിലക്കില്‍ പി.സി വിഷ്ണുനാഥിന്റെ റിയാദ് സന്ദര്‍ശനം റദ്ദാക്കി. ഒഐസിസി സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം മാര്‍ച്ച് 21ന് (വെള്ളി) റിയാദില്‍ എത്തേണ്ടതായിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ സാന്നിധ്യം പരമാവധി മണ്ഡലങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം നേതാക്കളുടെ വിദേശയാത്രകള്‍ അനാവശ്യ വിവാദം വിളിച്ചു വരുത്തുന്നതിലുമാണ് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സൌദി സന്ദര്‍ശനം നിര്‍ത്തി വയ്ക്കാന്‍ വിഷ്ണുനാഥിനോട് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നറിയുന്നു.

ഒമാന്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബിന്ദു കൃഷ്ണയുടെ നടപടി ഏറെ വിവാദമുണ്ടാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് വി.എം സുധീരന്റെ ഈ തീരുമാനം. ഈ മാസം തന്നെ ഒഐസിസി ഭാരവാഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെപിസിസിയില്‍ ഒഐസിസിയുടെ ചുമതലയുള്ള മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, സുബ്രഫ്മണ്യന്‍, പി.ടി അജയ് മോഹന്‍ എന്നിവര്‍ നടത്താനിരുന്ന സൌദി സന്ദര്‍ശനം പോലും കെപിസിസി പ്രസിഡന്റ് ഇടപെട്ട് റദ്ദാക്കിയിരുന്നു. നേതാക്കന്‍മാര്‍ സ്വന്തം തീരുമാനപ്രകാരം വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ചും അല്ലാതെയും നടത്തുന്ന വിദേശ പര്യടനങ്ങള്‍ പാര്‍ട്ടിയുടെ ഇമേജിന് മങ്ങലേല്‍പ്പിക്കുന്നതായി കെപിസിസി പ്രസിഡന്റിന് അഭിപ്രായമുള്ളതായി അറിയുന്നു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റയുടെ ക്ഷണം സ്വീകരിച്ചാണ് പി.സി. വിഷ്ണുനാഥ് എംഎല്‍എ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റിയാദില്‍ എത്താനിരുന്നത്. ഒഐസിസി അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍