ന്യൂയോര്‍ക്ക് എന്‍ബിഎയുടെ കുടുംബ സംഗമം ആവേശകരമായി
Thursday, March 20, 2014 8:23 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമം യുണിയന്‍ ടേണ്‍ പൈക്കിലുള്ള സന്തൂര്‍ റെസ്ടോറന്റില്‍ വച്ച് മാര്‍ച്ച് 15 ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ നടന്നു. രാധ മുകുന്ദന്‍ നായര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു. സെക്രട്ടറി കലാ സതീഷ് ആമുഖമായി സംസാരിച്ചതിനു ശേഷം പ്രസിഡണ്ട് വനജ നായര്‍ സ്വാഗതം ആശംസിച്ചു. ഈ വര്‍ഷം നമ്മുടെ സംഘടനയില്‍ നിന്ന് വിട്ടുപോയബാലന്‍ നായരുടെയും രാമചന്ദ്ര കുറുപ്പിന്റെയും, അതുപോലെ ഈയിടെ മലയാളി സമൂഹത്തിനെത്തന്നെ ഞെട്ടിപ്പിച്ച മൂന്നു കുട്ടികളുടെ (ജാസ്മിന്‍ ജോസഫ്, പ്രവീണ്‍ വര്‍ഗീസ്, സ്റാന്‍ലി കുമ്പനാട്ടേല്‍) അകാലമൃത്യുവിലും അനുശോചനം രേഖപ്പെടുത്തി. ആല്‍ബനിയില്‍ നിന്നും കാണാതായ റെനി ജോസിനെ എത്രയും വേഗം സുരക്ഷിതനായി കണ്ടുകിട്ടുവാന്‍ പ്രാര്‍ത്ഥിക്കുകയും ആ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്തു.

തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാന്‍ വിജയകുമാര്‍ നായര്‍ സംസാരിച്ചു. അതിനുശേഷം എംസി ആയി അജിത് നായര്‍ ചുമതലയേറ്റു. ദിവ്യാ നായരും മേഘ രവീന്ദ്രന്‍ നായരും ചേര്‍ന്ന് അതിമനോഹരമായ ഒരു നൃത്തം കാഴ്ച്ച വെച്ചു. പ്രശസ്ത ഗായകരായ ശബരി നാഥ് നായര്‍, രാംദാസ് കൊച്ചുപറമ്പില്‍, അജിത് നായര്‍, കുന്നത്ത് ഗോപിനാഥ്, ശാലിനി നായര്‍ എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. പിഞ്ചു ബാലികയായ സിത്താരാ നായരുടെ പാട്ട് വളരെ ഹൃദ്യമായി. കുടുംബ സംഗമത്തില്‍ എത്തിയിരുന്ന എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധതരം പുതുമയാര്‍ന്ന മത്സരങ്ങള്‍ നടത്തുകയുണ്ടായി. എറ്റവും കൂടുതല്‍ യോജിപ്പുള്ള ദമ്പതികള്‍ക്കുള്ള സമ്മാനത്തിന് ജയശ്രീയും ജയപ്രകാശ് നായരും അര്‍ഹരായി. പുരുഷന്മാര്‍ സാരിയുടുത്താല്‍ എങ്ങനെയിരിക്കും എന്ന മത്സരം ഏവരും ശരിക്കും ആസ്വദിച്ചു. അതില്‍ ഒന്നാം സമ്മാനം രവി നായരും, ഭാര്യമാരുടെ കാര്‍കൂന്തല്‍ ഭംഗിയായി എങ്ങനെ പിന്നിക്കൊടുക്കാം എന്ന മത്സരത്തില്‍ ഷീജ പിള്ളയുടെ മുടി വളരെ ഭംഗിയായി പിന്നിക്കൊടുത്തുകൊണ്ട് സുധാകരന്‍ പിള്ളയും ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് എന്‍ബിഎയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഡോ. എ. കെ. ബി. പിള്ള സമ്മാനം നല്‍കുകയും വിജയികളെ അഭിനന്ദിച്ചു സംസാരിക്കുകയും ചെയ്തു.

വുമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ രാജേശ്വരി രാജഗോപാല്‍, വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. വരും വര്‍ഷങ്ങളിലും വുമന്‍സ് ഫോറം കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കും എന്ന് ഉറപ്പു നല്‍കി. എന്‍.ബി.എയുടെ മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ രുക്മിണി ബാലകൃഷ്ണന്‍ നായര്‍ സ്കൂളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ ഈ സ്കൂളിനെ പ്രയോജനപ്പെടുത്തണം എന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ജോയിന്റ് സെക്രട്ടറി പ്രദീപ് മേനോന്‍ തയ്യാറാക്കിയ സ്ളൈഡ് ഷോ, എന്‍ബിഎയുടെ ഈ വര്‍ഷത്തെ പരിപാടികളില്‍ നിന്നും ഒപ്പിയെടുത്ത ഏതാനും ഏടുകള്‍ സന്നിഹിതരായിരുന്നവര്‍ക്ക് കാണുവാനും ഓര്‍മ്മകളിലൂടെ അയവിറക്കാനും സഹായിച്ചു. ശിശുദിനാഘോഷ വേളയില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അതുപോലെ വുമന്‍സ് ഫോറം സംഘടിപ്പിച്ച പാചക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും നല്കുകയുണ്ടായി.

സുനില്‍ നായര്‍, രാജഗോപാല്‍, ഹരിലാല്‍ എന്നിവര്‍ നേതൃത്വം കൊടുത്ത് ഒരു കലാപരിപാടി പോലെ നടത്തിയ ലേലം വിളി രസകരമായിരുന്നു. സെക്രട്ടറി കലാ സതീഷ്, ട്രഷറര്‍ രഘുവരന്‍ നായര്‍, ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ നായര്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍ മുതലായവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും പിന്തുണയും ഈ പരിപാടിയെ വിജയത്തിലെത്തിക്കുവാന്‍ സഹായിച്ചു എന്ന് പ്രസിഡന്റ് വനജ നായര്‍ കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായരുടെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍