അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ 'ഭാരതോത്സവം 2014'
Thursday, March 20, 2014 8:14 AM IST
അബുദാബി: ഇന്ത്യയുടെ വിവിധ ഭാഷാ സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് അലൈനിലെ ഇന്ത്യന്‍ പ്രവാസികളുടെ മുഖ്യധാരാ സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഭാരതോത്സവം 2014 സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 20ന് (വ്യാഴം) ആരംഭിക്കുന്ന മേള അഞ്ചുദിവസം നീണ്ടുനില്‍ക്കും. വ്യാഴാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കുന്ന ഭാരതോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം 7.30ന് ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം നിര്‍വഹിക്കും. ചടങ്ങില്‍ എം.എ യൂസഫ് അലി, ഡോ. ജവഹര്‍ ഗംഗാരമണി, വിവിധ യുഎഇ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍, പോലീസ് മേധാവികള്‍, പ്രമുഖ യുഎഇ പൌരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇരുപത്തിനാലോളം സ്റാളുകള്‍ മേളയില്‍ പങ്കെടുക്കും. അലൈന്‍ മുന്‍സിപ്പാലിറ്റി അടക്കം വിവിധ മന്ത്രാലയങ്ങളുടെ സ്റാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന സ്റാളുകളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് ഹരം പകരാന്‍ വിവിധ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സ്റേജ് ഷോകള്‍ക്ക് പുറമെ യുഎഇ തലത്തിലുള്ള നൃത്തമത്സരവും മേളയുടെ ഭാഗമായി നടക്കും.

മേളയുടെ പ്രകാശനം ജനറല്‍ സെക്രട്ടറി ടി.വി.എന്‍ കുട്ടിയും പ്രസിഡന്റ് ജനക് കുമാര്‍ ഭട്ടും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്തോ-യുഎഇ സൌഹൃദം സന്ദേശമാക്കുന്ന ഭാരതോത്സവം 2014 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മഹമ്മദ് റസല്‍ 4935402, മഹമ്മദ് സലിം 050 4446718.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള