വടകര മഹോത്സവം 2014: സ്വാഗതസംഘം രൂപീകരിച്ചു
Thursday, March 20, 2014 8:13 AM IST
അബുദാബി: എന്‍ആര്‍ഐ ഫോറം അബുദാബി അഞ്ചാമത് വടകര മഹോത്സവം 2014 ഏപ്രില്‍ 10, 11 തീയതികളില്‍ കേരള സോഷ്യല്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചു.

കുത്തുപറമ്പ്, തലശേരി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, വടകര അസംബ്ളി മണ്ഡലങ്ങളും മാഹിയും ഉള്‍ക്കൊള്ളുന്ന വടകര പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ വരുന്ന തനതു കലാരൂപങ്ങളും വടക്കേ മലബാറിന്റെ രുചിയൂറും വിഭവങ്ങളും കഴിഞ്ഞകാലങ്ങളിലെ കാര്‍ഷിക -ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ് വടകര മഹോത്സവം.

വടകര എന്‍ആര്‍ഐ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നൂറോളം ഭക്ഷ്യ വിഭവങ്ങളുടെ സ്റാളുകളും ഉണ്ടാകുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ സന്ദര്‍ശകരുടെ ബാഹുല്യവും തെരക്കും പരിഗണിച്ച് ഈ വര്‍ഷം വടകര മഹോത്സവം രണ്ടു ദിവസങ്ങളിലായാണ് നടത്തുന്നത്. ഇതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബാബു വടകര, എന്‍. കുഞ്ഞമ്മദ്, കെ. സത്യനാഥന്‍, പി. രവീന്ദ്രന്‍ എന്നിവരാണ് വടകര മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

വടകര മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ കേരള കൃഷി മന്ത്രി കെ.പി മോഹനന്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 5712987, 050 6128388.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള