മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ഥി വധം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Thursday, March 20, 2014 8:13 AM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മലയാളി യുവാവായ സ്റാന്‍ലി ബാബു കുമ്പനാട്ടേലി(32)ന്റെ വധവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റിലായതായി പോലീസ് അറിയിച്ചു. ഡാളസ് യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു സ്റാന്‍ലി ബാബു. അവധിക്കാലം കുടുംബാംഗങ്ങളോടൊത്ത് ചെലവഴിക്കുന്നതിന് യൂണിവേഴ്സിറ്റിയില്‍ നിന്നും ഹൂസ്റ്റണിലേക്കുക്കുവരുന്നതിനിടെ സാം ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം പാക്കിംഗ് ലോട്ടിലെ കാറില്‍ കയറുന്നതിനിടെയാണ് ബാബുവിന് അക്രമികളുടെ വെടിയേറ്റത്. അറസ്റിലായവര്‍ക്കെതിരേ കൊലകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.

മാര്‍ച്ച് 17 ന് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മാര്‍ക്വിസ് ഡേവിസ് (19) ഡൊണാള്‍ഡ് നീലെ (19) എന്നീ രണ്ടു യുവാക്കളാണ് സ്റാന്‍ലി ബാബുവിനുനേരെ വെടിയുതിര്‍ത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന മാര്‍ച്ച് എട്ടിന് മാര്‍ക്വിസ് ഡേവിസ് പിടിയിലായിരുന്നു. പോലീസിനെ കബളിപ്പിച്ച് കടന്ന ഡൊണാള്‍ഡ് നീലെ തന്റെ വാലറ്റ് സ്റ്റാന്‍ലി ബാബുവിന്റെ കാറിലാണെന്നും അത് തിരിച്ചു കിട്ടാന്‍ എന്താണ് മാര്‍ഗമെന്നും അന്വേഷിച്ച് പോലീസ് സ്റ്റേഷനിലെ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

സ്റ്റാന്‍ലി ബാബുവിനെ വെടിവച്ചശേഷം കാറ് തട്ടിയെടുത്ത് സമീപത്തുളള ഹൌസ് ഓഫ് പൈസ് റസ്ററന്റിലും പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊളള നടത്തിയിരുന്നു. സ്റ്റാന്‍ലി ബാബുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്തുവെങ്കിലും ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഷിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസിന്റേയും ന്യുയോര്‍ക്കിലെ ജാസ്മിന്റേയും കേസന്വേണത്തില്‍ മലയാളി സമൂഹം അസംതൃപ്തരാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍