കാസര്‍ഗോഡ് കൂട്ടായ്മ 'കെസ്വ'യുടെ സാംസ്കാരിക സന്ധ്യ
Thursday, March 20, 2014 8:12 AM IST
റിയാദ്: കാസര്‍ഗോഡ് ജില്ലാ പ്രവാസി കൂട്ടായ്മയായ കെസ്വയുടെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സന്ധ്യ ഇമാം അബൂബക്കര്‍ ഇബ്നു അഹമ്മദ് ബാന്‍ബീല നിര്‍വഹിച്ചു.

അള്ളാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാത്രമേ അള്ളാഹു സ്വീകരിക്കുകയുള്ളൂവെന്നും അതിന് ഇരട്ടിയായി പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അധികാരക്കൊതിയും മൂല്യബോധമില്ലാത്തവരുടെ നേതൃത്വവും സമൂഹത്തെ പൊതുപ്രവര്‍ത്തനരംഗത്തുനിന്ന് പിന്‍വലിയാനും അരാഷ്ട്രീയ വാദികളാക്കിത്തീര്‍ക്കാനും കാരണമായെന്നും സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളെ സേവനമേഖലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിയണമെന്നും കെഎംസിസി സെക്രട്ടറി അര്‍ഷുല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാടിനേയും സാമൂഹ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയേയും ആദരിച്ചു. ഉദ്ഘാടകന്റെ പ്രസംഗം ഉമര്‍ മദനി ഉള്ളാള്‍ പരിഭാഷപ്പെടുത്തി.

കാസര്‍ഗോഡ് ജില്ലയേയും കെസ്വയേയും ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി സദസിന് പരിചയപ്പെടുത്തി. തളങ്കരയിലെ മുഹമ്മദ് റാഫി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിദ്ധീകരിച്ച എന്‍.എ സുലൈമാന്‍ സ്മരണിക നിലാവൊളിയുടെ സൌദി അറേബ്യയിലെ പ്രകാശനം അന്തച്ച എരിയാല്‍ സി.എം. കുഞ്ഞിക്ക് നല്‍കി നിര്‍വഹിച്ചു. ശിഹാബ് കൊട്ടുകാട്, റഷീദ് ഖാസിമി, മുഹമ്മദ് കുട്ടി കെ.പി മഞ്ചേശ്വരം, സി.എം കുഞ്ഞി കുമ്പള, ഉബൈദ് എടവണ്ണ, റഫീഖ് പന്നിയങ്കര, എം.സി അബ്ദുള്ള പെരുമ്പട്ട, മൊയ്തീന്‍ കുട്ടി തെന്നല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോണ്‍ സൂഖ് സ്പോണ്‍സര്‍ ചെയ്ത സമ്മാനത്തിന് റഷീദ് നിലേശ്വരം അര്‍ഹനായി. അഷ്ഫാഖ് നുഹ്മാന്‍ ഖിറാഅത്ത് നടത്തി. മുഹമ്മദ് കുഞ്ഞി മീത്തലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.എല്‍ അബ്ദുറഹീം സ്വാഗതവും സി.എല്‍ ഖലീല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍