'മതേതര ഇന്ത്യക്കായി യുഡിഎഫിനെ വിജയിപ്പിക്കുക'
Thursday, March 20, 2014 8:12 AM IST
ജിദ്ദ: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പവിത്രമായ മതേതര സംസ്കാരം നിലനിര്‍ത്തുന്നതിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി സമൂഹത്തോട് യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥനാര്‍ഥികള്‍ പാര്‍ലമെന്റിലെത്തിയാലെ മോഡിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് തടയിടാന്‍ കഴിയൂ. നാമമാത്ര സീറ്റുകളില്‍ മാത്രം മത്സരിക്കുകയും വിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രം വിജയ പ്രതീക്ഷയുമുള്ള മാര്‍ക്സിസ്റ് പാര്‍ട്ടിയും ഇടതുപക്ഷവും മത്സരിക്കുന്നതുതന്നെ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുവാന്‍ മാത്രമേ സഹായകരമാകൂ. മോഡി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ വിദേശ നയത്തില്‍ മാറ്റം വരുമെന്നത് ആശങ്കയുണര്‍ത്തുന്നതാണ്.

പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിന് വിവിധ അറബ് മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം ശിഥിലമാകുന്ന തരത്തിലുള്ള വിദേശനയം കൊണ്ട് വന്നാല്‍ പ്രതികൂലമായി ബാധിക്കുന്നത് പ്രവാസി സമൂഹത്തെയാകും. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ തന്നെ ഇടതുമുന്നണിയുടെ പരാജയം ഉറപ്പായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ദേശീയ രാഷ്ട്രീയത്തിലും രാജ്യാന്തര രംഗത്തും ശ്രദ്ധേയരായവരാണ്. എന്നാല്‍, ജില്ലയില്‍ പോലും അറിയപ്പെടാത്ത സ്ഥനാര്‍ഥികളെയാണ് ഇടതുപക്ഷം സ്വതന്ത്ര വേഷം കെട്ടി ഇറക്കിയിരിക്കുന്നത്.

ജില്ലയില്‍ പാസ്പോര്‍ട്ട് ഓഫീസ്, വിമാനത്താവള വികസനം, അലീഗഡ് കാമ്പസ്, ഇഫ്ലു കാമ്പസ്, റെയില്‍വേ വികസനം, തീരദേശ വികസനം, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കയകറ്റാന്‍ കഴിഞ്ഞതുമൊക്കെ യുഡിഎഫ് സ്ഥനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുവാന്‍ സഹായകരമാകുമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് എ.പി. ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. കെ. സി. അബ്ദുറഹ്മാന്‍, അബൂബക്കര്‍ അരിമ്പ്ര, സി.എം.അഹ്മദ്, പി.എം.എ.ഗഫൂര്‍, പി.സി.എ. റഹ്മാന്‍, മജീദ് പൊന്നാനി, സി.സി. കരീം, അസ്ലം, മജീദ് ചേറൂര്‍, ജമാല്‍ നാസര്‍, നാസര്‍ മച്ചിങ്ങല്‍, സക്കീര്‍ കണ്ണെത്ത് എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ഉബൈദുള്ള തങ്ങള്‍ പ്രാര്‍ഥന നടത്തി. ലത്തീഫ് മുസ്ള്യാരങ്ങാടി സ്വാഗതവും നൌഷാദ് കപ്പൂടാന്‍ നന്ദിയും പറഞ്ഞു.

മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റി ഭാരവാഹികളായി എ.പി. ഹക്കീം പാറയ്ക്കല്‍ (ചെയര്‍മാന്‍), വി.പി. മുസ്തഫ (കണ്‍വീനര്‍) നിര്‍വാഹക സമിതി അംഗങ്ങളായി ലത്തീഫ് മുസ്ള്യാരങ്ങാടി, അഷ്റഫ് പോരൂര്‍, സക്കീര് അലി കണ്ണേത്ത്, ജമാല്‍ നാസര്‍, പി.എം.എ. ഗഫൂര്‍, സയ്യിദ് ഉബൈദുള്ള തങ്ങള്‍, വി.പി. ഉനൈസ്, ലത്തീഫ് ചാപ്പനങ്ങാടി, മജീദ് ചേറൂര്‍, നൌഷാദ് ചാലിയാര്‍, എന്നിവരെയും തെരഞ്ഞെടുത്തു.

ജില്ലയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. പൊന്നാനി: ജമാല്‍ നാസര്‍ (ചെയര്‍മാന്‍) അസ്ലം തിരൂര്‍ (കണ്‍വീനര്‍). മലപ്പുറം: മജീദ് ചേറൂര്‍ (ചെയര്‍മാന്‍) നാസര്‍ മച്ചിങ്ങല്‍ (കണ്‍വീനര്‍). വയനാട്: പി.സി.എ. റഹ്മാന്‍ എന്ന ഇണ്ണി (ചെയര്‍മാന്‍) നൌഷാദ് കപ്പൂടാന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍