മലയാളി യുവതീ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം: മലയാളി സമൂഹം അണിചേരുന്നു
Thursday, March 20, 2014 4:13 AM IST
ഹൂസ്റണ്‍: അടുത്തയിടയായി അമേരിക്കയില്‍ ഉടനീളം മലയാളി യുവതീ-യുവാക്കള്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും ഉത്കണ്ഠാകുലരായ മാതാപിതാക്കളേയും യുവജനങ്ങളേയും ബോധവത്കരണത്തിന്റെ പാതയിലേക്കു കൊണ്ടുവരുന്നതിനും ഹൂസ്റണ്‍ മലയാളികളെ അണിചേര്‍ക്കുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ (മാഗ്).

മാര്‍ച്ച് 30-ന് ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ ഹൂസ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റി ഹാളിലാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഹൂസ്റണിലേയും തൊട്ടടുത്ത സിറ്റികളിലേയും കൌണ്‍സില്‍മാന്‍മാര്‍, കോണ്‍ഗ്രസ്മാന്‍, ഹാരിസ് കൌണ്ടി ഷരീഫ് എന്നിവര്‍ പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യോഗത്തിനു മുന്നോടിയായി മാര്‍ച്ച് 16-ന് ഞായറാഴ്ച കേരളാ ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ പന്ത്രണ്േടാളം പള്ളികളില്‍ നിന്നുള്ള പുരോഹിതന്മാരും, കേരളാ ഹിന്ദു സൊസൈറ്റി ഉള്‍പ്പടെ മറ്റ് മതവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ക്കി അദ്ധ്യക്ഷതവഹിച്ചു.

മാര്‍ച്ച് 30-ന് വൈകുന്നേരം നടക്കുന്ന യോഗത്തില്‍ കഴിയുന്നത്ര മാതാപിതാക്കള്‍ കുട്ടികളുമായി എത്തിച്ചേരണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. സുരേന്ദ്രന്‍ കോരന്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരോടൊപ്പം മലയാളി യുവതലമുറയെ പ്രതിനിധീകരിച്ച് ഹൂസ്റണ്‍ എക്യൂമെനിക്കല്‍ കമ്മിറ്റി പ്രസിഡന്റ് ഫാ. റോയ് വര്‍ഗീസ്, കേരളാ ഹിന്ദു സൊസൈറ്റി യൂത്ത് ഫോറം പ്രതിനിധി എന്നിവര്‍ അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും.

വരുംനാളുകളില്‍ അനുബന്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും യുവാക്കള്‍ക്കായി ശാസ്ത്ര-നിയമ വിശാരദരും ഹൂസ്റണ്‍ സ്റാഫോര്‍ഡ് പോലീസ്- അന്വേഷണ -മയക്കുമരുന്ന് വിഭാഗങ്ങളുടെ തലവന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ നടത്താനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ മൈസൂര്‍ തമ്പി, സുരേന്ദ്രന്‍ കോരന്‍, കെന്നഡി ജോസഫ് എന്നിവരുമായി ബന്ധപ്പെടുക. അനില്‍ ആറന്മുള അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം