ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനം
Thursday, March 20, 2014 4:12 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2012- 14 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്ററല്‍ കൌണ്‍സിലിന്റെ മൂന്നാമത്തെ സമ്മേളനം മാര്‍ച്ച് 29-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടും. രൂപതാസ്ഥാപനത്തിന്റെ പതിന്നാലാം വര്‍ഷത്തില്‍ നടത്തപ്പെടുന്ന പാസ്റല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ 'രൂപതയുടെ വിളിയും ദൌത്യവും വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ച് രൂപതാ വികാരി ജനറാള്‍ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളില്‍ രൂപതയിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കും.

രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിന് വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും, അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കുവാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് പാസ്ററല്‍ കൌണ്‍സിലിന്റെ മുഖ്യലക്ഷ്യം. ഷിക്കാഗോ കേന്ദ്രമാക്കിയുള്ള സീറോ മലബാര്‍ രൂപതയുടെ 32 ഇടവകകളില്‍ നിന്നും 37 മിഷനുകളില്‍നിന്നുമായി 90 പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇപ്പോഴത്തെ പാസ്ററല്‍ കൌണ്‍സില്‍. രൂപതയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്ഷനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്ന പാസ്ററല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ക്ഷണക്കത്തിലൂടെ അറിയിച്ചു. പാസ്ററല്‍ കൌണ്‍സില്‍ മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടക്കുന്നതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം